ലിറ്ററിന് 67 കിലോമീറ്റര്‍ നല്‍കാന്‍ ഫോക്‌സ് വാഗണ്‍

Tuesday, December 29, 2009


ലിറ്ററിന് 67 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാന്‍ പറ്റുന്ന കാറുമായി ജര്‍മ്മന്‍ വാഹന നിര്‍മ്മാതാവായ ഫോക്‌സ് വാഗണ്‍. എല്‍ വണ്‍ എന്ന് പേരു നല്‍കിയിരിക്കുന്ന ഈ ചെറു കാര്‍ 2013 ഇല്‍ വിപണിയില്‍ ഇറക്കും . രണ്ടു സീറ്റുള്ള ഹൈബ്രിഡ് കാറിനു 800 സി.സി ടൂ സ്‌ട്രോക് എന്‍ജിനും ഇലക്ട്രിക് മോട്ടറുമാണ് കരുത്ത് നല്‍കുന്നത്. 29 ബി.എച്ച്.പി കരുത്ത് പകരുന്ന കാറിന്റെ പരമാവധി വേഗം മണിക്കൂറില്‍ 99 മൈലാണ്. പൂജ്യത്തില്‍നിന്ന് മണിക്കൂറില്‍ 62 മൈല്‍ വേഗത്തിലെത്താന്‍ 14.3 സെക്കന്‍ഡുകള്‍ മതി. 380 കിലോഗ്രാമാണ് എല്‍ വണ്ണിന്റെ ഭാരം.കാര്‍ബണ്‍ ഫൈബര്‍, റീ ഇന്‍ഫോഴ്‌സ്ഡ് പ്ലാസ്റ്റിക് എന്നിവ ഉപയോഗിച്ചാണ് കാറിന്റെ ബോഡി നിര്‍മ്മിച്ചിരിക്കുന്നത്.

Read more...

റേവ യുടെ പുതിയ രണ്ട് ഇലക്ട്രിക് മോഡലുകള്‍

Monday, December 28, 2009


ഇന്ത്യന്‍ ഇലക്ട്രിക് കാര്‍ നിര്‍മ്മാതാക്കളായ റേവ പുതിയ രണ്ടു മോഡലുകള്‍ ജര്‍മ്മനിയിലെ ഫ്രാങ്ക്ഫര്‍ട്ട് മോട്ടോര്‍ഷോയില്‍ അവതരിപ്പിച്ചു. റേവ എന്‍.എക്‌സ്.ആര്‍, എന്‍.എക്‌സ്.ജി എന്നിവയാണ് പുതിയ മോഡലുകള്‍. അടുത്തവര്‍ഷം മുതല്‍ പുതിയ മോഡലുകളുടെ നിര്‍മ്മാണം തുടങ്ങുമെന്ന് റേവ അറിയിച്ചു. നാലുപേര്‍ക്ക് യാത്രചെയ്യാവുന്ന രണ്ടുഡോര്‍ ഹാച്ച്ബാക്ക് കാറാണ് എന്‍.എക്‌സ്.ആര്‍. രണ്ടു സീറ്റുള്ള രണ്ടുഡോര്‍ ഹാച്ച്ബാക്കാണ് എന്‍.എക്‌സ്.ജി (നെക്‌സ്റ്റ് ജെനറേഷന്‍).

ഒരുതവണ ബാറ്ററി ചാര്‍ജ്ജുചെയ്താല്‍ ഇവ 160 കിലോമീറ്റര്‍ സഞ്ചരിക്കും. മണിക്കൂറില്‍ 104 കിലോമീറ്ററാണ് പരമാവധി വേഗം. ഇന്ത്യയിലെ പ്രശസ്ത വാഹന രൂപകല്‍പ്പനാ വിദഗ്ദ്ധന്‍ ദിലീപ് ഛബ്രിയ രൂപകല്‍പ്പന ചെയ്തവയാണെന്ന പ്രത്യേകതയും രണ്ട് കാറുകള്‍ക്കുമുണ്ട്. എന്‍.എക്‌സ്.ആര്‍ 2010 ലും എന്‍.എക്‌സ്.ജി 2011 ലും വിപണിയില്‍ എത്തുമെന്നാണ് പ്രതീക്ഷ.

ആകര്‍ഷകമായ നിരവധി സവിശേഷതകളുമായാണ് പുതിയ മോഡലുകള്‍ റേവ അവതരിപ്പിക്കുന്നത്. കീലെസ് ഓപ്പറേഷന്‍, ഡ്യുവല്‍ ചാര്‍ജ്ജ് പോര്‍ട്ട്, ഡിജിറ്റല്‍ ഡിസ്‌പ്ലെ, എസ്.എം.എസ് അലര്‍ട്ട് എന്നിവയാണ് ഇവയില്‍ ചിലത്. ഒരുദിവസം 320 കിലോമീറ്റര്‍വരെ യാത്രചെയ്യാന്‍ ഇവയ്ക്ക് കഴിയും. 15 മിനിട്ടുനേരം അടിയന്തര ചാര്‍ജ്ജിങ്ങിന് വിധേയമാക്കിയാല്‍ ഇവ 40 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കും.

14,995 യൂറോയാണ് എന്‍.എക്‌സ്.ആറിന്റെ യൂറോപ്യന്‍ വിപണിയിലെ വില. എന്‍.എക്‌സ്.ജിയ്ക്ക് 23,000 യുറോയും. ബാറ്ററിയുടെ വില കൂടാതെയാണ് ഇത്. ഇരു മോഡലുകളുടെയും ഇന്ത്യയിലെ വില അടുത്തവര്‍ഷം പ്രഖ്യാപിക്കുമെന്ന് കമ്പനി അധികൃതര്‍ പറഞ്ഞു. യൂസര്‍ ഫ്രണ്ട്‌ലി സാങ്കേതികവിദ്യ ഉപയോഗിക്കുന്ന നവീന റേവ കാറുകളുടെ ബുക്കിങ് ഫ്രാങ്ക്ഫര്‍ട്ട് ഓട്ടോഷോയില്‍ത്തന്നെ തുടങ്ങിക്കഴിഞ്ഞു.

ലോക വിപണിയിലെ ആവശ്യം മുന്നില്‍ക്കണ്ട് കാര്‍ ഉത്പാദനം വര്‍ദ്ധിപ്പിക്കാനാണ് റേവയുടെ പദ്ധതി. ബാംഗ്ലൂര്‍ പ്ലാന്റിന്റെശേഷി പ്രതിവര്‍ഷം 3,00,000 ആയി ഉയര്‍ത്താനാണ് ലക്ഷ്യം. രണ്ടോ മൂന്നോ വര്‍ഷത്തിനകം ഈ ലക്ഷ്യം സാക്ഷാത്കരിക്കാനാണ് റേവ ശ്രമിക്കുന്നത്. എന്നാല്‍ വിപണിയിലെ ആവശ്യം ഇതിലും അധികമാവുമെന്ന് റേവ സ്വപ്‌നം കാണുന്നു. 2015 ഓടെ യൂറോപ്യന്‍ വിപണിയില്‍ പ്രതിവര്‍ഷം 5,00,000 ഇലക്ട്രിക് കാറുകള്‍ ആവശ്യമായി വരുമെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്.

Read more...

ഷെവര്‍ലെയുടെ പുത്തന്‍ താളം ബീറ്റ്


ഷെവര്‍ലെയുടെ ഏറ്റവും പുതിയ ചെറുകാര്‍, ഇന്നുവരെ കണ്ടിട്ടില്ലാത്ത രൂപങ്ങളില്‍ ഒന്ന്.
മറ്റോരു ഹാച്ച്ബാക്കിലും കണ്ടിട്ടില്ലാത്ത രൂപഭംഗി.യുവത്വം തുളുംബുന്ന ഭംഗിയുള്ള ഹാച്ച്ബാക്ക് തേടുന്നവര്‍ക്കാണ് ബീറ്റ്.

ഇന്ത്യയ്ക് പുറമെ പല വിപണികളിലും സ്പാര്‍ക്കിന് പകരക്കാരനാണെങ്കിലും ഇന്ത്യയില്‍ തികച്ചും വ്യത്യസ്തനാണ് ബീറ്റ്. സ്പാര്‍ക്കിന്റെ ആധുനീകരിച്ച പ്ലാറ്റ്ഫോമില്‍ ഇറങ്ങുന്ന ബീറ്റിനു സ്പാര്‍ക്കിനെക്കാള്‍ വലിപ്പ കൂടുതല്‍ ഉണ്ട്.
ഡിക്കി ഇടത്തില്‍ റിറ്റ്സിനേക്കാള്‍ പിന്നിലാണെങ്കിലും,വീല്‍ബേസില്‍ റിറ്റ്സിനെക്കാളും എ സ്റ്റാറിനെക്കാളും എതാനും സെന്റിമീറ്ററുകള്‍ അതികമാണ് ബീറ്റിന്.ആ വലിപ്പകൂടുതല്‍ വാഹനത്തിന്റെ ഉള്ളില്‍ സൌകര്യകൂടുതലായും ഓട്ടത്തില്‍ മികച്ച നിയന്ത്രണമായും പ്രതിഫലിക്കുന്നുണ്ട്.

ക്രൂസ് അടക്കമുള്ള പുതിയ തലമുറ ഷെവര്‍ലെകളുടെ മുഖമാണ് ബീറ്റിനും നല്‍കിയിരിക്കുന്നതു.വലിപ്പമുള്ള ഗ്രില്‍, അതിന് കുറുകെ വലിപ്പമേറിയ ലോഗോ,ഫെന്‍ഡറിന്റെ പാതിയും ബോണറ്റും കവര്‍ന്ന് എ പില്ലറോളം എത്തിനില്‍ക്കുന്ന വലിയ ഹെഡ് ലാംബ്
മസ്കുലിന്‍ ബംബറും ബോണറ്റും .

1.0, 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിനുകളാണ് ബീറ്റിലുള്ളത്. അഞ്ചു ലക്ഷത്തിനടുത്താകും ബീറ്റിന്റെ വില. സുസുക്കി സ്വിഫ്റ്റ്, ഇന്‍ഡിക്ക വിസ്റ്റ, ഹ്യുണ്ടായ് ഐ 20 എന്നിവയുടെ വിപണിയിലേക്കാണ് ബീറ്റ് എത്തുന്നത്.

തീര്‍ത്തും യുവാക്കള്‍ക്കുവേണ്ടി തീര്‍ത്ത യുവത്വം തുളുംബുന്ന ഒരു പുത്തന്‍ താളം , അതാണ് ബീറ്റ്.

Read more...

എം ആന്‍ഡ് എം ഹെവിഡ്യൂട്ടി ട്രക്കുകള്‍ ജനവരി നാലിന്

Saturday, December 26, 2009


മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ ഹെവിഡ്യൂട്ടി ട്രക്കുകള്‍ ജനവരി നാലിന് വിപണിയിലെത്തും. നോര്‍ത്ത് അമേരിക്കയിലെ ഏറ്റവും വലിയ ട്രക്ക് നിര്‍മ്മാതാക്കളായ നവിസ്റ്റാറുമായി ചേര്‍ന്നാണ് മഹീന്ദ്ര വലിയ ട്രക്കുകള്‍ നിര്‍മ്മിയ്ക്കുന്നത്. സംയുക്ത സംരംഭമായ മഹീന്ദ്ര നവിസ്റ്റാര്‍ മോട്ടോഴ്‌സ് 25 ടണ്‍ മുതല്‍ ഭാരം വഹിക്കുന്ന ട്രക്കുകളും 49 ടണ്ണിനുമേല്‍ ഭാരം വഹിക്കുന്ന ട്രാക്ടര്‍ ട്രെയ്‌ലറുകളും നിര്‍മ്മിക്കും.

വിപണിയിലെ മത്സരം നേരിടാന്‍ തക്കവണ്ണമാവും ട്രക്കുകളുടെ വില നിശ്ചയിക്കുക. രാജ്യത്തെ വാണിജ്യ വാഹന വിപണിയില്‍ സാന്നിധ്യം ശക്തമാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിത്. പുണെയ്ക്കടുത്തുളള ഛഗന്‍ പ്ലാന്റിലാകും വമ്പന്‍ ട്രക്കുകള്‍ നിര്‍മ്മിയ്ക്കുക. 1200 കോടി നിക്ഷേപം നടത്തിക്കഴിഞ്ഞു. ഇന്ത്യന്‍ വിപണിയെയും വിദേശ രാജ്യങ്ങളെയും ലക്ഷ്യമാക്കിയാണ് ട്രക്കുകള്‍ നിര്‍മ്മിയ്ക്കുക.

വലിയ വാഹനങ്ങളുടെ എന്‍ജിനുകള്‍ നിര്‍മ്മിയ്ക്കുന്ന പ്ലാന്റും മഹീന്ദ്ര നവിസ്റ്റാര്‍ ഛഗനില്‍ സ്ഥാപിക്കും. ഇരുവരും സംയുക്തമായി നിര്‍മ്മിച്ച ആദ്യ മാക്‌സ് ഫോഴ്‌സ് (Maxx Force) 7.2 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ കഴിഞ്ഞ ദിവസം മുംബൈയില്‍ പുറത്തിറക്കിയിരുന്നു. 1995 ലാണ് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയും നവീസ്റ്റാറിന്റെ നിയന്ത്രണത്തിലുള്ള ഇന്റര്‍നാഷണല്‍ ട്രക്ക് എന്‍ജിന്‍ കോര്‍പ്പറേഷനും തമ്മില്‍ സംയുക്ത സംരംഭത്തിന് കരാര്‍ ഒപ്പുവച്ചത്. സംയുക്ത സംരംഭത്തില്‍ ഇരുവര്‍ക്കും 51: 49 ഓഹരി പങ്കാളിത്തമാണുള്ളത്. ഭാവിയില്‍ ലക്ഷ്വറി ട്രക്കുകള്‍ അടക്കമുള്ളവ വിപണിയില്‍ എത്തിക്കാനാണ് എം ആന്‍ഡ് എമ്മിന്റെ ശ്രമം.

210 ബി.എച്ച്.പി പരമാവധി കരുത്തുള്ളതാണ് കഴിഞ്ഞ ദിവസം പുറത്തിറക്കിയ മാക്‌സ്‌ഫോഴ്‌സ് 7.2 ഡീസല്‍ എന്‍ജിന്‍. ഭാരത് മൂന്ന് മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങള്‍ പാലിക്കുന്നതാണ് ഇത്. ഭാരത് സ്റ്റേജ് നാല്, അഞ്ച് മാനദണ്ഡങ്ങള്‍ പാലിക്കുന്നവയാകും വരും തലമുറയിലെ എന്‍ജിനുകള്‍. 40,000 എന്‍ജിനുകള്‍ പ്രതിവര്‍ഷം നിര്‍മ്മിക്കാനുള്ള ശേഷി ഛഗന്‍ പ്ലാന്റിന് ഉണ്ടാകും. എന്‍ജിനുകളുടെയും വാഹനങ്ങളുടെയും കയറ്റുമതി അടുത്തവര്‍ഷം തന്നെ തുടങ്ങും. ഇന്ത്യന്‍ വിപണിയിലേക്കുള്ള പിന്നില്‍ എന്‍ജിന്‍ ഘടിപ്പിച്ച ബസ്സുകള്‍ ഒന്നര വര്‍ഷത്തിനുശേഷം വിപണിയില്‍ ഇറക്കുമെന്നും എം ആന്റ് എം ഇതിനോടകം പ്രഖ്യാപിച്ചുകഴിഞ്ഞു..

Read more...

ലെക്‌സസിന്റെ സൂപ്പര്‍കാര്‍

Wednesday, December 23, 2009


2005 ഡെട്രിയട്ട് മോട്ടോര്‍ഷോയില്‍ തങ്ങളുടെ സ്വപ്നവാഹനങ്ങളിലൊന്നായി എല്‍.എഫ്.എ.യുടെ കണ്‍സെപ്റ്റ് ലെക്‌സസ് പുറത്തുവിട്ടപ്പോള്‍ പലതും പ്രതീക്ഷിച്ചിരുന്നു. തുടക്കത്തില്‍ ടൊയോട്ടയുടെ റിസര്‍ച്ച് സെല്ലില്‍ നിന്നായിരുന്നു എല്‍.എഫ്.എ.യുടെ ആവിര്‍ഭാവം. എന്നാല്‍ പെട്ടെന്ന് അതു ലെക്‌സസിന്റെ സൂപ്പര്‍കാറിന്റെ രൂപമായി മാറുകയായിരുന്നു എല്‍.എഫ്. എ. ആ സ്വപ്നം ഇപ്പോള്‍ യാഥാര്‍ഥ്യമാകുമ്പോള്‍ ഏത് കാര്‍ പ്രേമിയുടേയും മനസ്സിളക്കാന്‍ പോകുന്നതാകുന്നു രൂപവും ഭാവവും. എന്നാല്‍ ഈ കാലയളവിനിടയില്‍ അലൂമിനിയം ബോഡി ഫ്രെയിമില്‍ നിന്നും കാര്‍ബണ്‍ ഫൈബറിലേക്ക് മാറി.

ടൊയോട്ടസിറ്റിയിലെ മോട്ടിമാഷി പ്ലാന്റില്‍ നിന്നും കരവിരുതിനാല്‍ പുറത്തിറങ്ങുന്നത് വെറും അഞ്ഞൂറെണ്ണം മാത്രം. അതും വര്‍ഷത്തില്‍ ഇരുപത് പേര്‍ക്ക് മാത്രമേ സ്വന്തമാക്കാനാവൂ. ലഭിക്കുന്ന ഭാഗ്യവാന്‍മാര്‍ക്ക് തങ്ങളുടെ ഇഷ്ടത്തിനനുസരിച്ച് മുപ്പത് നിറങ്ങളില്‍ വാഹനത്തിനെ മോടിപിടിപ്പിക്കാനുള്ള സൗകര്യവും കമ്പനി ചെയ്തു കൊടുക്കുന്നുണ്ട്. ആദ്യം പറഞ്ഞു കേട്ടിരുന്നത് എല്‍.എഫ്.എ. ഹൈബ്രിഡ് വേര്‍ഷനെക്കുറിച്ചായിരുന്നു. എന്നാല്‍ അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് പെട്രോള്‍ ഇന്ധനമാക്കുന്ന 4.8 ലിറ്റര്‍ വി 10 എഞ്ചിനാണ് ശക്തിയേറ്റുന്നത്.

സിക്‌സ് സ്​പീഡ് ഓട്ടോമേറ്റഡ് മാനുവല്‍ ഗിയര്‍ബോക്‌സാണിതില്‍. ഇതുവരെ ലക്‌സസ് നിര്‍മിച്ചതില്‍ ഏറ്റവും വേഗതയേറിയ കാറില്‍ നാല് ഡ്രൈവിങ് ഓപ്ഷനുകള്‍ ഡ്രൈവര്‍ക്ക് തിരഞ്ഞെടുക്കാം. പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്ററിലെത്താന്‍ വെറും 3.7 സെക്കന്‍ഡുകള്‍ മതി. അതുകൊണ്ടുതന്നെ സൂപ്പര്‍കാറുകളില്‍ തിളങ്ങിനില്‍ക്കുന്ന പഗനി സോണ്ട, ഫെരാരി 599 ജി.ടി.ബി. എന്നിവയുമായാണ് എല്‍.എഫ്.എ.യ്ക്ക് മത്സരിക്കാനുള്ളത്.

20 ഇഞ്ച് അലൂമിനിയം ബി.ബി.എസ്. വീലുകളാണ് ഇതിനുള്ളത്. കൂടുതല്‍ പെര്‍ഫെക്ഷനുള്ള ബ്രേക്കിങ്ങിനായി കാര്‍ബണ്‍ സിറാമിക് ബ്രേക്കുകളാണുള്ളത്. ഇത് മുന്നില്‍ 15.5 ഇഞ്ചും പിന്‍വശത്ത് 14.2 ഇഞ്ചുമാണ്. ആറ് പിസ്റ്റണുകള്‍ മുന്‍വശത്തും നാല് പിസ്റ്റണുകള്‍ പിന്‍വശത്തുമുണ്ട്. ഇവ വളരെ സ്മൂത്തായ ബ്രേക്കിങ്ങിന് സഹായിക്കുന്നവയാണ്. ഇന്റീരിയറിലും വളരെയേറെ പുതുമകള്‍ അവകാശപ്പെടുന്നുണ്ട് ലെക്‌സസിന്റെ എല്‍.എഫ്.എ. പ്രധാനമായും കമ്പനി പറയുംപോലെ മാറ്റ് ആന്‍ഡ് ഗ്‌ളോസി കാര്‍ബണ്‍ ഫൈബറും സാറ്റിനുമാണ് ഇന്റീരിയറില്‍ ഉപയോഗിച്ചിരിക്കുന്നത്. കണ്‍ട്രോളും ടാക്കോമീറ്ററും എല്‍.സി.ഡി. വെര്‍ച്വല്‍ നീഡിലുപയോഗിച്ചിരിക്കുന്നു.

അമിതവേഗത്തിലായിക്കഴിഞ്ഞാല്‍ ടാക്കോമീറ്ററടക്കമുള്ള കണ്‍സോള്‍ മുഴുവനായും ചുവന്ന് വരും. രണ്ട് കോടിയോടടുത്ത് വിലവരും ലെക്‌സസിന്റെ ഈ പ്രിയവാഹനത്തിന്.

Read more...

പ്രയസ് അടുത്തവര്‍ഷം ഇന്ത്യയില്‍

Tuesday, December 22, 2009


ലോകത്തെ ബെസ്റ്റ് സെല്ലര്‍ ഹൈബ്രിഡ് കാറായ ടൊയോട്ട പ്രയസ് അടുത്തവര്‍ഷം ഇന്ത്യയില്‍ എത്തുന്നു. 2010 ജനവരിയില്‍ ന്യൂഡല്‍ഹിയില്‍ നടക്കുന്ന ഓട്ടോ എക്‌സ്‌പോയില്‍ ടൊയോട്ട പ്രയസ് അവതരിപ്പിക്കും. ഇന്ധനക്ഷമമായ വിലയേറിയ ഹൈബ്രിഡ് കാറുകള്‍ ഇന്ത്യന്‍ നിരത്തുകള്‍ അടക്കിവാഴുന്ന കാലം വിദൂരമല്ല.

ലോകത്തെ ഏറ്റവും പേരുകേട്ട ഹൈബ്രിഡ് കാറും ഏറ്റവും വലിയ വാഹന നിര്‍മ്മാതായ ടൊയോട്ടയുടെ പ്രയസ് തന്നെ. 2009 മെയ് യില്‍ ജപ്പാന്‍ വിപണിയില്‍ ഇറക്കിയ നവീന പ്രയസ് മോഡലാകും ഇന്ത്യയില്‍ എത്തുക. ഇന്ത്യയിലെ സാന്നിധ്യം ശക്തമാക്കാന്‍ ആഗ്രഹിക്കുന്ന ടൊയോട്ട ഏതാനും ചില മോഡലുകള്‍കൂടി ഇന്ത്യന്‍ വിപണിയില്‍ എത്തിക്കാനുള്ള തയ്യാറെടുപ്പിലാണ്. ഇവയില്‍ ചിലതും ന്യൂഡല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ത്തന്നെ പ്രദര്‍ശിപ്പിച്ചേക്കും.

അമേരിക്കന്‍ വിപണിയിലുളള ഏറ്റവും ഇന്ധനക്ഷമമായ കാറാണ് പ്രയസെന്ന് വിവിധ ഏജന്‍സികള്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഓട്ടോ ഓഫ് സംവിധാനമുള്ള പ്രൊജക്ടര്‍ബീം ഹാലൊജന്‍ ഹെഡ്‌ലാംപുകള്‍, എല്‍.ഇ.ഡി ടെയ്ല്‍ ലാമ്പുകള്‍, എയര്‍ഫില്‍ട്ടറുള്ള ഓട്ടോമാറ്റിക് ക്ലൈമെറ്റ് കണ്‍ട്രോള്‍, സാറ്റലൈറ്റ് റേഡിയോ സൗകര്യമുള്ള സി.ഡി പ്ലെയര്‍, വോയ്‌സ് ആക്ടിവേറ്റഡ് ടച്ചസ്‌ക്രീന്‍ ഡി.വി.ഡി നാവിഗേഷന്‍ സംവിധാനം, ആറു തരത്തില്‍ ക്രമീകരിക്കാവുന്ന ചെയ്യാവുന്ന ഡ്രൈവര്‍ സീററും നാലു തരത്തില്‍ ക്രമീകരിക്കാവുന്ന യാത്രക്കാരുടെ സീറ്റുകളും, സ്റ്റിയറിങ് വീലില്‍ ഘടിപ്പിച്ച ഡൈനമിക് ക്രൂയിസ് കണ്‍ട്രോള്‍, സ്റ്റിയറിങ് വീലില്‍ ഘടിപ്പിച്ച ബ്ലൂടൂത്ത് ഹാന്‍ഡ്ഫ്രീ ഫോണ്‍ നിയന്ത്രണ സ്വിച്ചുകള്‍, മള്‍ട്ടി ഇന്‍ഫര്‍മേഷന്‍ ഡിസ്‌പ്ലെ തുടങ്ങിയവയെല്ലാം പ്രയസിന്റെ സവിശേഷതകളാണ്. 2001 ല്‍ ലോക വിപണിയില്‍ എത്തിയ പ്രയസ് 40 രാജ്യങ്ങളില്‍ വിറ്റഴിക്കുന്നുണ്ട്.

ലോക വിപണിയിലേക്കുളള ടൊയോട്ടയുടെ പുതിയ ചെറുകാറും ഓട്ടോ എക്‌സ്‌പോയില്‍ പ്രദര്‍ശനത്തിനെത്തും. ഇ.എഫ്.സി 800 എല്‍ എന്ന അപരനാമമാണ് ടൊയോട്ട ചെറുകാറിന് നല്‍കിയിട്ടുളളത്. ബാംഗ്ലൂരിന് അടുത്തുളള ടൊയോട്ട കിര്‍ലോസ്‌കറിന്റെ പ്ലാന്റിലാകും ചെറുകാര്‍ നിര്‍മ്മിയ്ക്കുക. 2010 ഡിസംബര്‍ മുതല്‍ ചെറുകാറിന്റെ നിര്‍മ്മാണം തുടങ്ങാനാണ് ടൊയോട്ട ലക്ഷ്യമിടുന്നത്.

സുസുക്കി സ്വിഫ്റ്റ്, റിറ്റ്‌സ്, ഫിയറ്റ് ഗ്രാന്‍ഡ് പൂന്തോ, ടാറ്റാ ഇന്‍ഡിക്ക വിസ്റ്റ, ഹ്യുണ്ടായ് ഐ 20, ഹോണ്ട ജാസ് എന്നിവയുടെ സെഗ്മെന്റിലേക്കാണ് ടൊയോട്ടയുടെ ചെറുകാര്‍ എത്തുന്നത്. അടുത്തവര്‍ഷം ഇന്ത്യയിലെ ചെറുകാര്‍ വിപണിയില്‍ എത്തുന്ന നിസാന്‍ മൈക്ര, ഫോക്‌സ വാഗണ്‍ പോളോ, ഫോര്‍ഡ് ഫീഗോ എന്നിവയോടും മത്സരിക്കാനുള്ള തയ്യാറെടുപ്പോടെയാണ് ടൊയോട്ടയുടെ ചെറുകാര്‍ എത്തുന്നത്.

Read more...

ടൊയോട്ട സിയന്നയുടെ മൂന്നാം തലമുറ


ടൊയോട്ടയുടെ മിനിവാന്‍ വിഭാഗത്തിലെ ഏറ്റവും മികച്ചതെന്ന് കമ്പനി തന്നെ അവകാശപ്പെടുന്ന സിയന്ന വിപണിയില്‍ വിപ്ലവം സൃഷ്ടിക്കുമെന്നു തന്നെയാണ് കമ്പനി പ്രതീക്ഷിക്കുന്നത്. ഏഴ് വര്‍ഷം മുമ്പാണ് സിയന്നയുടെ ആദ്യ പതിപ്പ് പുറത്തിറങ്ങിയത്. പിന്നീട് 2004 ലും രൂപമാറ്റം സംഭവിച്ചെത്തി. അതിന് ശേഷമാണ് 2011 ല്‍ സിയന്നയുടെ മൂന്നാം തലമുറക്കാരന്‍ എത്തുന്നത്. അടുത്തവര്‍ഷം പുറത്തിറങ്ങുമ്പോള്‍ ഓള്‍ വീല്‍ ഡ്രൈവുള്ള മിനിവാനായിരിക്കും ഇത്. ടൊയോട്ടയുടെ ഇതുവരെ ഇറങ്ങിയിട്ടുള്ളതില്‍ ഏറ്റവും സൗന്ദര്യമുള്ള മിനിവാനായിരിക്കും ഇതെന്നാണ് പറയപ്പെടുന്നത്.

മള്‍ട്ടി ബ്ലേഡ് ഗ്രില്‍, ബോണറ്റിനോട് ഒഴുകിയിറങ്ങുന്ന ഹെഡ്‌ലാമ്പുകള്‍ എന്നിവ എടുത്തുപറയേണ്ടവയാണ്. ഹോണ്ടയുടെ ഒഡീസിക്ക് മാത്രമുള്ള വലിയ ടയറുകള്‍ ഇതോടെ സിയന്നയ്ക്കും ലഭ്യമാവുകയാണ്. എന്നാല്‍ മുന്‍ഗാമിയേക്കാള്‍ അല്‍പ്പം വലിപ്പം കുറവാണ് പുതിയ മോഡലിന്. ഏഴുപേര്‍ക്ക് സുഖമായി യാത്രചെയ്യാന്‍ കഴിയുന്ന വിധമാണ് രൂപകല്‍പ്പന. സീറ്റുകള്‍ മടക്കിവെക്കാനും തിരിക്കാനും കഴിയുന്നവിധത്തിലാണ് തയ്യാറാക്കിയിരിക്കുന്നത്. അതിനാല്‍ ലഗ്‌റൂം കൂടുതല്‍ ലഭിക്കും. കോക്ക്പിറ്റ് ബസ്സിന്റേതിന് സമമാണ്. അതായത് കൂടുതല്‍ കാഴ്ചസുഖവും ഡ്രൈവിങ് സുഖവും ലഭിക്കുന്നു. ഡാഷ്‌ബോര്‍ഡിലും മാറ്റം വരുത്തിയിട്ടുണ്ട്.

എല്‍. ഇ, ലക്ഷ്വറി എക്‌സ് എല്‍ ഇ, ലിമിറ്റഡ് വേര്‍ഷന്‍ എന്നീ മോഡലുകളിലാണ് സിയന്ന എത്തുന്നത്. വി. സിക്‌സ് എഞ്ചിന്‍ ശക്തിപകരുന്ന ആദ്യത്തെ മിനിവാനാണിത്. നാല് സിലിണ്ടര്‍ , 187 എച്ച്. പി, സിക്‌സ് സ്​പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ എന്നിവയാണ് എഞ്ചിന്‍ രഹസ്യങ്ങള്‍. എന്നാല്‍ ടോപ്പ് വേര്‍ഷനുകള്‍ക്ക് 3.5 ലിറ്റര്‍ വി സിക്‌സ് എഞ്ചിനാണ്. ലെഗ് റെസ്റ്റ്‌സ് എല്ലാ സീറ്റുകള്‍ക്കുമുണ്ട്. സെക്കന്‍ഡ് റോ സീറ്റുകള്‍ക്ക് ആം റെസ്റ്റ്, ചൈല്‍ഡ് പ്രൊട്ടക്ഷന്‍ സീറ്റ് എന്നിവയുമുണ്ട്. സെക്കന്‍ഡ് റോയിലെ നടുക്കുള്ള സീറ്റ് എടുത്തുമാറ്റാവുന്നതാണ്. ഏകദേശ ഇന്ത്യന്‍ വില 20 ലക്ഷം വരും സിയന്നയ്ക്ക്.

Read more...