എം ആന്‍ഡ് എം ഹെവിഡ്യൂട്ടി ട്രക്കുകള്‍ ജനവരി നാലിന്
Saturday, December 26, 2009

മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ ഹെവിഡ്യൂട്ടി ട്രക്കുകള്‍ ജനവരി നാലിന് വിപണിയിലെത്തും. നോര്‍ത്ത് അമേരിക്കയിലെ ഏറ്റവും വലിയ ട്രക്ക് നിര്‍മ്മാതാക്കളായ നവിസ്റ്റാറുമായി ചേര്‍ന്നാണ് മഹീന്ദ്ര വലിയ ട്രക്കുകള്‍ നിര്‍മ്മിയ്ക്കുന്നത്. സംയുക്ത സംരംഭമായ മഹീന്ദ്ര നവിസ്റ്റാര്‍ മോട്ടോഴ്‌സ് 25 ടണ്‍ മുതല്‍ ഭാരം വഹിക്കുന്ന ട്രക്കുകളും 49 ടണ്ണിനുമേല്‍ ഭാരം വഹിക്കുന്ന ട്രാക്ടര്‍ ട്രെയ്‌ലറുകളും നിര്‍മ്മിക്കും.
വിപണിയിലെ മത്സരം നേരിടാന്‍ തക്കവണ്ണമാവും ട്രക്കുകളുടെ വില നിശ്ചയിക്കുക. രാജ്യത്തെ വാണിജ്യ വാഹന വിപണിയില്‍ സാന്നിധ്യം ശക്തമാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിത്. പുണെയ്ക്കടുത്തുളള ഛഗന്‍ പ്ലാന്റിലാകും വമ്പന്‍ ട്രക്കുകള്‍ നിര്‍മ്മിയ്ക്കുക. 1200 കോടി നിക്ഷേപം നടത്തിക്കഴിഞ്ഞു. ഇന്ത്യന്‍ വിപണിയെയും വിദേശ രാജ്യങ്ങളെയും ലക്ഷ്യമാക്കിയാണ് ട്രക്കുകള്‍ നിര്‍മ്മിയ്ക്കുക.
വലിയ വാഹനങ്ങളുടെ എന്‍ജിനുകള്‍ നിര്‍മ്മിയ്ക്കുന്ന പ്ലാന്റും മഹീന്ദ്ര നവിസ്റ്റാര്‍ ഛഗനില്‍ സ്ഥാപിക്കും. ഇരുവരും സംയുക്തമായി നിര്‍മ്മിച്ച ആദ്യ മാക്‌സ് ഫോഴ്‌സ് (Maxx Force) 7.2 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ കഴിഞ്ഞ ദിവസം മുംബൈയില്‍ പുറത്തിറക്കിയിരുന്നു. 1995 ലാണ് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയും നവീസ്റ്റാറിന്റെ നിയന്ത്രണത്തിലുള്ള ഇന്റര്‍നാഷണല്‍ ട്രക്ക് എന്‍ജിന്‍ കോര്‍പ്പറേഷനും തമ്മില്‍ സംയുക്ത സംരംഭത്തിന് കരാര്‍ ഒപ്പുവച്ചത്. സംയുക്ത സംരംഭത്തില്‍ ഇരുവര്‍ക്കും 51: 49 ഓഹരി പങ്കാളിത്തമാണുള്ളത്. ഭാവിയില്‍ ലക്ഷ്വറി ട്രക്കുകള്‍ അടക്കമുള്ളവ വിപണിയില്‍ എത്തിക്കാനാണ് എം ആന്‍ഡ് എമ്മിന്റെ ശ്രമം.
210 ബി.എച്ച്.പി പരമാവധി കരുത്തുള്ളതാണ് കഴിഞ്ഞ ദിവസം പുറത്തിറക്കിയ മാക്‌സ്‌ഫോഴ്‌സ് 7.2 ഡീസല്‍ എന്‍ജിന്‍. ഭാരത് മൂന്ന് മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങള്‍ പാലിക്കുന്നതാണ് ഇത്. ഭാരത് സ്റ്റേജ് നാല്, അഞ്ച് മാനദണ്ഡങ്ങള്‍ പാലിക്കുന്നവയാകും വരും തലമുറയിലെ എന്‍ജിനുകള്‍. 40,000 എന്‍ജിനുകള്‍ പ്രതിവര്‍ഷം നിര്‍മ്മിക്കാനുള്ള ശേഷി ഛഗന്‍ പ്ലാന്റിന് ഉണ്ടാകും. എന്‍ജിനുകളുടെയും വാഹനങ്ങളുടെയും കയറ്റുമതി അടുത്തവര്‍ഷം തന്നെ തുടങ്ങും. ഇന്ത്യന്‍ വിപണിയിലേക്കുള്ള പിന്നില്‍ എന്‍ജിന്‍ ഘടിപ്പിച്ച ബസ്സുകള്‍ ഒന്നര വര്‍ഷത്തിനുശേഷം വിപണിയില്‍ ഇറക്കുമെന്നും എം ആന്റ് എം ഇതിനോടകം പ്രഖ്യാപിച്ചുകഴിഞ്ഞു..
0 comments:
Post a Comment