ബീറ്റില്‍ ഇനി ഇന്ത്യയിലും
Thursday, December 17, 2009

ജര്‍മ്മന്‍ വാഹന നിര്‍മ്മാതാവായ ഫോക്‌സ് വാഗണ്‍ പ്രശസ്ത സൂപ്പര്‍മിനി ബ്രാന്റായ ബീറ്റില്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. 20.45 ലക്ഷമാണ് ന്യൂഡല്‍ഹിയിലെ എക്‌സ് ഷോറൂം വില. ഇന്ത്യയിലെ മറ്റുനഗരങ്ങളില്‍ 20 നും 25 ലക്ഷത്തിനും ഇടയിലാകും ബീറ്റിലിന്റെ വില. വാഹന പ്രേമികള്‍ കാത്തിരുന്ന ടോറഗ് എസ്.യു.വിയും ഫോക്‌സ് വാഗണ്‍ ബീറ്റിലിനൊപ്പം അവതരിപ്പിച്ചു.
1938 ല്‍ ഇക്കോണമി കാറായി വിപണിയില്‍ എത്തിയ ബീറ്റില്‍ കാലത്തെ അതിജീവിച്ച് ഇന്നും നിലനില്‍ക്കുകയാണ്. ഏറ്റവും കൂടുതല്‍ക്കാലം നിലനിന്ന കാര്‍ ബ്രാണ്ടെന്ന പദവിയും ബീറ്റിലിന് സ്വന്തം.
115 ബി.എച്ച്.പി കരുത്തുളള നാലു സിലിണ്ടര്‍ രണ്ടുലിറ്റര്‍ പെട്രോള്‍ എന്‍ജിനുമായാണ് ബീറ്റില്‍ ഇന്ത്യയില്‍ എത്തുന്നത്. ആറു സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സും ബീറ്റിലിനുണ്ട്. 3200 ആര്‍.പി.എമ്മില്‍ 172 എന്‍.എം ആണ് ടോര്‍ക്ക്. 1984 സി.സി ശേഷിയുള്ള എന്‍ജിന്‍ ഭാരത് സ്‌റ്റേജ് നാല് മലിനീകരണ നനിയന്ത്രണ മാനദണ്ഡങ്ങള്‍ പാലിക്കുന്നതാണ്.
നീളം, വീതി, ഉയരം എന്നിവ യഥാക്രമം 4129, 1721, 1498 എം.എം വീതമാണ്. 120 എം.എം ആണ് ഗ്രൗണ്ട് ക്ലിയറന്‍സ്. 5.5 മീറ്ററില്‍ പൂര്‍ണ്ണമായി തിരിച്ചെടുക്കാം. 214 ലിറ്ററാണ് ലഗേജ് സൂക്ഷിക്കാനുള്ള ഇടം. നാല് എയര്‍ബാഗുകള്‍, എ.ബി.എസ്, സുരക്ഷാ ഹെഡ്‌റെസ്റ്റ് എന്നിവയാണ് ബീറ്റിലിലെ സുരക്ഷാ സംവിധാനങ്ങള്‍.
എ.സി, ഉയരം ക്രമീകരിക്കാവുന്ന മുന്‍ സീറ്റുകള്‍, പിന്‍ സീറ്റിലേക്ക് അനായാസം കയറാന്‍ കഴിയുന്ന സ്ലൈഡിങ് മുന്‍ സീറ്റുകള്‍, പൊടിയും രോഗാണുക്കളെയും തടയുന്ന ഫില്‍ട്ടര്‍, വൈദ്യുതി നിയന്ത്രിത ഡോര്‍ മിററുകള്‍, മുന്‍ വൈദ്യുത വിന്‍ഡോകള്‍, ക്രമീകരിക്കാവുന്ന സ്റ്റിയറിങ് വീല്‍, ചൂട് കടക്കാത്ത ടിന്റഡ് ഗ്ലാസുകള്‍, ഉയരം ക്രമീകരിക്കാവുന്ന സീറ്റ് ബെല്‍റ്റുകള്‍ തുടങ്ങിയവയാണ് ബീറ്റിലിലെ സൗകര്യങ്ങള്‍.
ആറു സി.ഡി ചെയ്ഞ്ചര്‍, ആറു സ്പീക്കറുകള്‍ എന്നിവ ഉള്‍പ്പെട്ട ഓഡിയോ സംവിധാനം. ഡോര്‍ മിററുകളില്‍ ഘടിപ്പിച്ച ഇന്‍ഡിക്കേറ്റര്‍, പിന്‍ ഫോഗ് ലാമ്പുകള്‍, ഹാലൊജന്‍ ഹെഡ് ലാമ്പുകള്‍, ബ്ലൂ ഡാഷ്‌ബോര്‍ഡ് ഇലുമിനേഷന്‍ തുടങ്ങിയവയും ബീറ്റിലിന് സ്വന്തം. അഞ്ചു നിറങ്ങളില്‍ ബീറ്റില്‍ ലഭിക്കും. വൈറ്റ്, റെഡ് സ്‌പൈസ്, റിഫ്‌ളെക്‌സ് സില്‍വര്‍, പ്ലാറ്റിനം ഗ്രേ, ഡീപ് ബ്ലാക്ക് എന്നിവയാണ് നിറങ്ങള്‍. 20 ലക്ഷത്തിനുമേല്‍ വിലയുള്ള രണ്ടുഡോറുള്ള ചെറുകാര്‍ ബീറ്റില്‍ ഇന്ത്യക്കാര്‍ വാങ്ങുമോയെന്ന് സംശയിക്കേണ്ട. 125 പേര്‍ വിപണിയില്‍ എത്തുംമുന്‍പെ ബീറ്റില്‍ ബുക്കുചെയ്തു കഴിഞ്ഞുവെന്ന് നിര്‍മ്മാതാക്കള്‍ പറയുന്നു.
പിന്നില്‍ എന്‍ജിന്‍ സ്ഥാപിച്ച റിയര്‍വീല്‍ ഡ്രൈവ് ചെറുകാറായിരുന്നു ഫോക്‌സ് വാഗണ്‍ ബീറ്റില്‍. 1951 ല്‍ ബീറ്റിലിന്റെ ഡീസല്‍ മോഡല്‍ നിരത്തിലിറങ്ങി. 1998 ല്‍ ഫോക്‌സ് വാഗണ്‍ പുതിയ ബീറ്റില്‍ നിര്‍മ്മിച്ചു. ക്ലാസിക് ബീറ്റിലില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് നിര്‍മ്മിച്ച പുതിയ ബീറ്റിലിന്റെ എന്‍ജിന്‍ മുന്‍ഭാഗത്ത് തന്നെയാണ്. ലഗേജ് സൂക്ഷിക്കാനുള്ള സ്ഥലമാണ് പിന്നില്‍.
0 comments:
Post a Comment