ലിറ്ററിന് 67 കിലോമീറ്റര്‍ നല്‍കാന്‍ ഫോക്‌സ് വാഗണ്‍

Tuesday, December 29, 2009


ലിറ്ററിന് 67 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാന്‍ പറ്റുന്ന കാറുമായി ജര്‍മ്മന്‍ വാഹന നിര്‍മ്മാതാവായ ഫോക്‌സ് വാഗണ്‍. എല്‍ വണ്‍ എന്ന് പേരു നല്‍കിയിരിക്കുന്ന ഈ ചെറു കാര്‍ 2013 ഇല്‍ വിപണിയില്‍ ഇറക്കും . രണ്ടു സീറ്റുള്ള ഹൈബ്രിഡ് കാറിനു 800 സി.സി ടൂ സ്‌ട്രോക് എന്‍ജിനും ഇലക്ട്രിക് മോട്ടറുമാണ് കരുത്ത് നല്‍കുന്നത്. 29 ബി.എച്ച്.പി കരുത്ത് പകരുന്ന കാറിന്റെ പരമാവധി വേഗം മണിക്കൂറില്‍ 99 മൈലാണ്. പൂജ്യത്തില്‍നിന്ന് മണിക്കൂറില്‍ 62 മൈല്‍ വേഗത്തിലെത്താന്‍ 14.3 സെക്കന്‍ഡുകള്‍ മതി. 380 കിലോഗ്രാമാണ് എല്‍ വണ്ണിന്റെ ഭാരം.കാര്‍ബണ്‍ ഫൈബര്‍, റീ ഇന്‍ഫോഴ്‌സ്ഡ് പ്ലാസ്റ്റിക് എന്നിവ ഉപയോഗിച്ചാണ് കാറിന്റെ ബോഡി നിര്‍മ്മിച്ചിരിക്കുന്നത്.

Read more...

റേവ യുടെ പുതിയ രണ്ട് ഇലക്ട്രിക് മോഡലുകള്‍

Monday, December 28, 2009


ഇന്ത്യന്‍ ഇലക്ട്രിക് കാര്‍ നിര്‍മ്മാതാക്കളായ റേവ പുതിയ രണ്ടു മോഡലുകള്‍ ജര്‍മ്മനിയിലെ ഫ്രാങ്ക്ഫര്‍ട്ട് മോട്ടോര്‍ഷോയില്‍ അവതരിപ്പിച്ചു. റേവ എന്‍.എക്‌സ്.ആര്‍, എന്‍.എക്‌സ്.ജി എന്നിവയാണ് പുതിയ മോഡലുകള്‍. അടുത്തവര്‍ഷം മുതല്‍ പുതിയ മോഡലുകളുടെ നിര്‍മ്മാണം തുടങ്ങുമെന്ന് റേവ അറിയിച്ചു. നാലുപേര്‍ക്ക് യാത്രചെയ്യാവുന്ന രണ്ടുഡോര്‍ ഹാച്ച്ബാക്ക് കാറാണ് എന്‍.എക്‌സ്.ആര്‍. രണ്ടു സീറ്റുള്ള രണ്ടുഡോര്‍ ഹാച്ച്ബാക്കാണ് എന്‍.എക്‌സ്.ജി (നെക്‌സ്റ്റ് ജെനറേഷന്‍).

ഒരുതവണ ബാറ്ററി ചാര്‍ജ്ജുചെയ്താല്‍ ഇവ 160 കിലോമീറ്റര്‍ സഞ്ചരിക്കും. മണിക്കൂറില്‍ 104 കിലോമീറ്ററാണ് പരമാവധി വേഗം. ഇന്ത്യയിലെ പ്രശസ്ത വാഹന രൂപകല്‍പ്പനാ വിദഗ്ദ്ധന്‍ ദിലീപ് ഛബ്രിയ രൂപകല്‍പ്പന ചെയ്തവയാണെന്ന പ്രത്യേകതയും രണ്ട് കാറുകള്‍ക്കുമുണ്ട്. എന്‍.എക്‌സ്.ആര്‍ 2010 ലും എന്‍.എക്‌സ്.ജി 2011 ലും വിപണിയില്‍ എത്തുമെന്നാണ് പ്രതീക്ഷ.

ആകര്‍ഷകമായ നിരവധി സവിശേഷതകളുമായാണ് പുതിയ മോഡലുകള്‍ റേവ അവതരിപ്പിക്കുന്നത്. കീലെസ് ഓപ്പറേഷന്‍, ഡ്യുവല്‍ ചാര്‍ജ്ജ് പോര്‍ട്ട്, ഡിജിറ്റല്‍ ഡിസ്‌പ്ലെ, എസ്.എം.എസ് അലര്‍ട്ട് എന്നിവയാണ് ഇവയില്‍ ചിലത്. ഒരുദിവസം 320 കിലോമീറ്റര്‍വരെ യാത്രചെയ്യാന്‍ ഇവയ്ക്ക് കഴിയും. 15 മിനിട്ടുനേരം അടിയന്തര ചാര്‍ജ്ജിങ്ങിന് വിധേയമാക്കിയാല്‍ ഇവ 40 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കും.

14,995 യൂറോയാണ് എന്‍.എക്‌സ്.ആറിന്റെ യൂറോപ്യന്‍ വിപണിയിലെ വില. എന്‍.എക്‌സ്.ജിയ്ക്ക് 23,000 യുറോയും. ബാറ്ററിയുടെ വില കൂടാതെയാണ് ഇത്. ഇരു മോഡലുകളുടെയും ഇന്ത്യയിലെ വില അടുത്തവര്‍ഷം പ്രഖ്യാപിക്കുമെന്ന് കമ്പനി അധികൃതര്‍ പറഞ്ഞു. യൂസര്‍ ഫ്രണ്ട്‌ലി സാങ്കേതികവിദ്യ ഉപയോഗിക്കുന്ന നവീന റേവ കാറുകളുടെ ബുക്കിങ് ഫ്രാങ്ക്ഫര്‍ട്ട് ഓട്ടോഷോയില്‍ത്തന്നെ തുടങ്ങിക്കഴിഞ്ഞു.

ലോക വിപണിയിലെ ആവശ്യം മുന്നില്‍ക്കണ്ട് കാര്‍ ഉത്പാദനം വര്‍ദ്ധിപ്പിക്കാനാണ് റേവയുടെ പദ്ധതി. ബാംഗ്ലൂര്‍ പ്ലാന്റിന്റെശേഷി പ്രതിവര്‍ഷം 3,00,000 ആയി ഉയര്‍ത്താനാണ് ലക്ഷ്യം. രണ്ടോ മൂന്നോ വര്‍ഷത്തിനകം ഈ ലക്ഷ്യം സാക്ഷാത്കരിക്കാനാണ് റേവ ശ്രമിക്കുന്നത്. എന്നാല്‍ വിപണിയിലെ ആവശ്യം ഇതിലും അധികമാവുമെന്ന് റേവ സ്വപ്‌നം കാണുന്നു. 2015 ഓടെ യൂറോപ്യന്‍ വിപണിയില്‍ പ്രതിവര്‍ഷം 5,00,000 ഇലക്ട്രിക് കാറുകള്‍ ആവശ്യമായി വരുമെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്.

Read more...

ഷെവര്‍ലെയുടെ പുത്തന്‍ താളം ബീറ്റ്


ഷെവര്‍ലെയുടെ ഏറ്റവും പുതിയ ചെറുകാര്‍, ഇന്നുവരെ കണ്ടിട്ടില്ലാത്ത രൂപങ്ങളില്‍ ഒന്ന്.
മറ്റോരു ഹാച്ച്ബാക്കിലും കണ്ടിട്ടില്ലാത്ത രൂപഭംഗി.യുവത്വം തുളുംബുന്ന ഭംഗിയുള്ള ഹാച്ച്ബാക്ക് തേടുന്നവര്‍ക്കാണ് ബീറ്റ്.

ഇന്ത്യയ്ക് പുറമെ പല വിപണികളിലും സ്പാര്‍ക്കിന് പകരക്കാരനാണെങ്കിലും ഇന്ത്യയില്‍ തികച്ചും വ്യത്യസ്തനാണ് ബീറ്റ്. സ്പാര്‍ക്കിന്റെ ആധുനീകരിച്ച പ്ലാറ്റ്ഫോമില്‍ ഇറങ്ങുന്ന ബീറ്റിനു സ്പാര്‍ക്കിനെക്കാള്‍ വലിപ്പ കൂടുതല്‍ ഉണ്ട്.
ഡിക്കി ഇടത്തില്‍ റിറ്റ്സിനേക്കാള്‍ പിന്നിലാണെങ്കിലും,വീല്‍ബേസില്‍ റിറ്റ്സിനെക്കാളും എ സ്റ്റാറിനെക്കാളും എതാനും സെന്റിമീറ്ററുകള്‍ അതികമാണ് ബീറ്റിന്.ആ വലിപ്പകൂടുതല്‍ വാഹനത്തിന്റെ ഉള്ളില്‍ സൌകര്യകൂടുതലായും ഓട്ടത്തില്‍ മികച്ച നിയന്ത്രണമായും പ്രതിഫലിക്കുന്നുണ്ട്.

ക്രൂസ് അടക്കമുള്ള പുതിയ തലമുറ ഷെവര്‍ലെകളുടെ മുഖമാണ് ബീറ്റിനും നല്‍കിയിരിക്കുന്നതു.വലിപ്പമുള്ള ഗ്രില്‍, അതിന് കുറുകെ വലിപ്പമേറിയ ലോഗോ,ഫെന്‍ഡറിന്റെ പാതിയും ബോണറ്റും കവര്‍ന്ന് എ പില്ലറോളം എത്തിനില്‍ക്കുന്ന വലിയ ഹെഡ് ലാംബ്
മസ്കുലിന്‍ ബംബറും ബോണറ്റും .

1.0, 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിനുകളാണ് ബീറ്റിലുള്ളത്. അഞ്ചു ലക്ഷത്തിനടുത്താകും ബീറ്റിന്റെ വില. സുസുക്കി സ്വിഫ്റ്റ്, ഇന്‍ഡിക്ക വിസ്റ്റ, ഹ്യുണ്ടായ് ഐ 20 എന്നിവയുടെ വിപണിയിലേക്കാണ് ബീറ്റ് എത്തുന്നത്.

തീര്‍ത്തും യുവാക്കള്‍ക്കുവേണ്ടി തീര്‍ത്ത യുവത്വം തുളുംബുന്ന ഒരു പുത്തന്‍ താളം , അതാണ് ബീറ്റ്.

Read more...

എം ആന്‍ഡ് എം ഹെവിഡ്യൂട്ടി ട്രക്കുകള്‍ ജനവരി നാലിന്

Saturday, December 26, 2009


മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ ഹെവിഡ്യൂട്ടി ട്രക്കുകള്‍ ജനവരി നാലിന് വിപണിയിലെത്തും. നോര്‍ത്ത് അമേരിക്കയിലെ ഏറ്റവും വലിയ ട്രക്ക് നിര്‍മ്മാതാക്കളായ നവിസ്റ്റാറുമായി ചേര്‍ന്നാണ് മഹീന്ദ്ര വലിയ ട്രക്കുകള്‍ നിര്‍മ്മിയ്ക്കുന്നത്. സംയുക്ത സംരംഭമായ മഹീന്ദ്ര നവിസ്റ്റാര്‍ മോട്ടോഴ്‌സ് 25 ടണ്‍ മുതല്‍ ഭാരം വഹിക്കുന്ന ട്രക്കുകളും 49 ടണ്ണിനുമേല്‍ ഭാരം വഹിക്കുന്ന ട്രാക്ടര്‍ ട്രെയ്‌ലറുകളും നിര്‍മ്മിക്കും.

വിപണിയിലെ മത്സരം നേരിടാന്‍ തക്കവണ്ണമാവും ട്രക്കുകളുടെ വില നിശ്ചയിക്കുക. രാജ്യത്തെ വാണിജ്യ വാഹന വിപണിയില്‍ സാന്നിധ്യം ശക്തമാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിത്. പുണെയ്ക്കടുത്തുളള ഛഗന്‍ പ്ലാന്റിലാകും വമ്പന്‍ ട്രക്കുകള്‍ നിര്‍മ്മിയ്ക്കുക. 1200 കോടി നിക്ഷേപം നടത്തിക്കഴിഞ്ഞു. ഇന്ത്യന്‍ വിപണിയെയും വിദേശ രാജ്യങ്ങളെയും ലക്ഷ്യമാക്കിയാണ് ട്രക്കുകള്‍ നിര്‍മ്മിയ്ക്കുക.

വലിയ വാഹനങ്ങളുടെ എന്‍ജിനുകള്‍ നിര്‍മ്മിയ്ക്കുന്ന പ്ലാന്റും മഹീന്ദ്ര നവിസ്റ്റാര്‍ ഛഗനില്‍ സ്ഥാപിക്കും. ഇരുവരും സംയുക്തമായി നിര്‍മ്മിച്ച ആദ്യ മാക്‌സ് ഫോഴ്‌സ് (Maxx Force) 7.2 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ കഴിഞ്ഞ ദിവസം മുംബൈയില്‍ പുറത്തിറക്കിയിരുന്നു. 1995 ലാണ് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയും നവീസ്റ്റാറിന്റെ നിയന്ത്രണത്തിലുള്ള ഇന്റര്‍നാഷണല്‍ ട്രക്ക് എന്‍ജിന്‍ കോര്‍പ്പറേഷനും തമ്മില്‍ സംയുക്ത സംരംഭത്തിന് കരാര്‍ ഒപ്പുവച്ചത്. സംയുക്ത സംരംഭത്തില്‍ ഇരുവര്‍ക്കും 51: 49 ഓഹരി പങ്കാളിത്തമാണുള്ളത്. ഭാവിയില്‍ ലക്ഷ്വറി ട്രക്കുകള്‍ അടക്കമുള്ളവ വിപണിയില്‍ എത്തിക്കാനാണ് എം ആന്‍ഡ് എമ്മിന്റെ ശ്രമം.

210 ബി.എച്ച്.പി പരമാവധി കരുത്തുള്ളതാണ് കഴിഞ്ഞ ദിവസം പുറത്തിറക്കിയ മാക്‌സ്‌ഫോഴ്‌സ് 7.2 ഡീസല്‍ എന്‍ജിന്‍. ഭാരത് മൂന്ന് മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങള്‍ പാലിക്കുന്നതാണ് ഇത്. ഭാരത് സ്റ്റേജ് നാല്, അഞ്ച് മാനദണ്ഡങ്ങള്‍ പാലിക്കുന്നവയാകും വരും തലമുറയിലെ എന്‍ജിനുകള്‍. 40,000 എന്‍ജിനുകള്‍ പ്രതിവര്‍ഷം നിര്‍മ്മിക്കാനുള്ള ശേഷി ഛഗന്‍ പ്ലാന്റിന് ഉണ്ടാകും. എന്‍ജിനുകളുടെയും വാഹനങ്ങളുടെയും കയറ്റുമതി അടുത്തവര്‍ഷം തന്നെ തുടങ്ങും. ഇന്ത്യന്‍ വിപണിയിലേക്കുള്ള പിന്നില്‍ എന്‍ജിന്‍ ഘടിപ്പിച്ച ബസ്സുകള്‍ ഒന്നര വര്‍ഷത്തിനുശേഷം വിപണിയില്‍ ഇറക്കുമെന്നും എം ആന്റ് എം ഇതിനോടകം പ്രഖ്യാപിച്ചുകഴിഞ്ഞു..

Read more...

ലെക്‌സസിന്റെ സൂപ്പര്‍കാര്‍

Wednesday, December 23, 2009


2005 ഡെട്രിയട്ട് മോട്ടോര്‍ഷോയില്‍ തങ്ങളുടെ സ്വപ്നവാഹനങ്ങളിലൊന്നായി എല്‍.എഫ്.എ.യുടെ കണ്‍സെപ്റ്റ് ലെക്‌സസ് പുറത്തുവിട്ടപ്പോള്‍ പലതും പ്രതീക്ഷിച്ചിരുന്നു. തുടക്കത്തില്‍ ടൊയോട്ടയുടെ റിസര്‍ച്ച് സെല്ലില്‍ നിന്നായിരുന്നു എല്‍.എഫ്.എ.യുടെ ആവിര്‍ഭാവം. എന്നാല്‍ പെട്ടെന്ന് അതു ലെക്‌സസിന്റെ സൂപ്പര്‍കാറിന്റെ രൂപമായി മാറുകയായിരുന്നു എല്‍.എഫ്. എ. ആ സ്വപ്നം ഇപ്പോള്‍ യാഥാര്‍ഥ്യമാകുമ്പോള്‍ ഏത് കാര്‍ പ്രേമിയുടേയും മനസ്സിളക്കാന്‍ പോകുന്നതാകുന്നു രൂപവും ഭാവവും. എന്നാല്‍ ഈ കാലയളവിനിടയില്‍ അലൂമിനിയം ബോഡി ഫ്രെയിമില്‍ നിന്നും കാര്‍ബണ്‍ ഫൈബറിലേക്ക് മാറി.

ടൊയോട്ടസിറ്റിയിലെ മോട്ടിമാഷി പ്ലാന്റില്‍ നിന്നും കരവിരുതിനാല്‍ പുറത്തിറങ്ങുന്നത് വെറും അഞ്ഞൂറെണ്ണം മാത്രം. അതും വര്‍ഷത്തില്‍ ഇരുപത് പേര്‍ക്ക് മാത്രമേ സ്വന്തമാക്കാനാവൂ. ലഭിക്കുന്ന ഭാഗ്യവാന്‍മാര്‍ക്ക് തങ്ങളുടെ ഇഷ്ടത്തിനനുസരിച്ച് മുപ്പത് നിറങ്ങളില്‍ വാഹനത്തിനെ മോടിപിടിപ്പിക്കാനുള്ള സൗകര്യവും കമ്പനി ചെയ്തു കൊടുക്കുന്നുണ്ട്. ആദ്യം പറഞ്ഞു കേട്ടിരുന്നത് എല്‍.എഫ്.എ. ഹൈബ്രിഡ് വേര്‍ഷനെക്കുറിച്ചായിരുന്നു. എന്നാല്‍ അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് പെട്രോള്‍ ഇന്ധനമാക്കുന്ന 4.8 ലിറ്റര്‍ വി 10 എഞ്ചിനാണ് ശക്തിയേറ്റുന്നത്.

സിക്‌സ് സ്​പീഡ് ഓട്ടോമേറ്റഡ് മാനുവല്‍ ഗിയര്‍ബോക്‌സാണിതില്‍. ഇതുവരെ ലക്‌സസ് നിര്‍മിച്ചതില്‍ ഏറ്റവും വേഗതയേറിയ കാറില്‍ നാല് ഡ്രൈവിങ് ഓപ്ഷനുകള്‍ ഡ്രൈവര്‍ക്ക് തിരഞ്ഞെടുക്കാം. പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്ററിലെത്താന്‍ വെറും 3.7 സെക്കന്‍ഡുകള്‍ മതി. അതുകൊണ്ടുതന്നെ സൂപ്പര്‍കാറുകളില്‍ തിളങ്ങിനില്‍ക്കുന്ന പഗനി സോണ്ട, ഫെരാരി 599 ജി.ടി.ബി. എന്നിവയുമായാണ് എല്‍.എഫ്.എ.യ്ക്ക് മത്സരിക്കാനുള്ളത്.

20 ഇഞ്ച് അലൂമിനിയം ബി.ബി.എസ്. വീലുകളാണ് ഇതിനുള്ളത്. കൂടുതല്‍ പെര്‍ഫെക്ഷനുള്ള ബ്രേക്കിങ്ങിനായി കാര്‍ബണ്‍ സിറാമിക് ബ്രേക്കുകളാണുള്ളത്. ഇത് മുന്നില്‍ 15.5 ഇഞ്ചും പിന്‍വശത്ത് 14.2 ഇഞ്ചുമാണ്. ആറ് പിസ്റ്റണുകള്‍ മുന്‍വശത്തും നാല് പിസ്റ്റണുകള്‍ പിന്‍വശത്തുമുണ്ട്. ഇവ വളരെ സ്മൂത്തായ ബ്രേക്കിങ്ങിന് സഹായിക്കുന്നവയാണ്. ഇന്റീരിയറിലും വളരെയേറെ പുതുമകള്‍ അവകാശപ്പെടുന്നുണ്ട് ലെക്‌സസിന്റെ എല്‍.എഫ്.എ. പ്രധാനമായും കമ്പനി പറയുംപോലെ മാറ്റ് ആന്‍ഡ് ഗ്‌ളോസി കാര്‍ബണ്‍ ഫൈബറും സാറ്റിനുമാണ് ഇന്റീരിയറില്‍ ഉപയോഗിച്ചിരിക്കുന്നത്. കണ്‍ട്രോളും ടാക്കോമീറ്ററും എല്‍.സി.ഡി. വെര്‍ച്വല്‍ നീഡിലുപയോഗിച്ചിരിക്കുന്നു.

അമിതവേഗത്തിലായിക്കഴിഞ്ഞാല്‍ ടാക്കോമീറ്ററടക്കമുള്ള കണ്‍സോള്‍ മുഴുവനായും ചുവന്ന് വരും. രണ്ട് കോടിയോടടുത്ത് വിലവരും ലെക്‌സസിന്റെ ഈ പ്രിയവാഹനത്തിന്.

Read more...

പ്രയസ് അടുത്തവര്‍ഷം ഇന്ത്യയില്‍

Tuesday, December 22, 2009


ലോകത്തെ ബെസ്റ്റ് സെല്ലര്‍ ഹൈബ്രിഡ് കാറായ ടൊയോട്ട പ്രയസ് അടുത്തവര്‍ഷം ഇന്ത്യയില്‍ എത്തുന്നു. 2010 ജനവരിയില്‍ ന്യൂഡല്‍ഹിയില്‍ നടക്കുന്ന ഓട്ടോ എക്‌സ്‌പോയില്‍ ടൊയോട്ട പ്രയസ് അവതരിപ്പിക്കും. ഇന്ധനക്ഷമമായ വിലയേറിയ ഹൈബ്രിഡ് കാറുകള്‍ ഇന്ത്യന്‍ നിരത്തുകള്‍ അടക്കിവാഴുന്ന കാലം വിദൂരമല്ല.

ലോകത്തെ ഏറ്റവും പേരുകേട്ട ഹൈബ്രിഡ് കാറും ഏറ്റവും വലിയ വാഹന നിര്‍മ്മാതായ ടൊയോട്ടയുടെ പ്രയസ് തന്നെ. 2009 മെയ് യില്‍ ജപ്പാന്‍ വിപണിയില്‍ ഇറക്കിയ നവീന പ്രയസ് മോഡലാകും ഇന്ത്യയില്‍ എത്തുക. ഇന്ത്യയിലെ സാന്നിധ്യം ശക്തമാക്കാന്‍ ആഗ്രഹിക്കുന്ന ടൊയോട്ട ഏതാനും ചില മോഡലുകള്‍കൂടി ഇന്ത്യന്‍ വിപണിയില്‍ എത്തിക്കാനുള്ള തയ്യാറെടുപ്പിലാണ്. ഇവയില്‍ ചിലതും ന്യൂഡല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ത്തന്നെ പ്രദര്‍ശിപ്പിച്ചേക്കും.

അമേരിക്കന്‍ വിപണിയിലുളള ഏറ്റവും ഇന്ധനക്ഷമമായ കാറാണ് പ്രയസെന്ന് വിവിധ ഏജന്‍സികള്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഓട്ടോ ഓഫ് സംവിധാനമുള്ള പ്രൊജക്ടര്‍ബീം ഹാലൊജന്‍ ഹെഡ്‌ലാംപുകള്‍, എല്‍.ഇ.ഡി ടെയ്ല്‍ ലാമ്പുകള്‍, എയര്‍ഫില്‍ട്ടറുള്ള ഓട്ടോമാറ്റിക് ക്ലൈമെറ്റ് കണ്‍ട്രോള്‍, സാറ്റലൈറ്റ് റേഡിയോ സൗകര്യമുള്ള സി.ഡി പ്ലെയര്‍, വോയ്‌സ് ആക്ടിവേറ്റഡ് ടച്ചസ്‌ക്രീന്‍ ഡി.വി.ഡി നാവിഗേഷന്‍ സംവിധാനം, ആറു തരത്തില്‍ ക്രമീകരിക്കാവുന്ന ചെയ്യാവുന്ന ഡ്രൈവര്‍ സീററും നാലു തരത്തില്‍ ക്രമീകരിക്കാവുന്ന യാത്രക്കാരുടെ സീറ്റുകളും, സ്റ്റിയറിങ് വീലില്‍ ഘടിപ്പിച്ച ഡൈനമിക് ക്രൂയിസ് കണ്‍ട്രോള്‍, സ്റ്റിയറിങ് വീലില്‍ ഘടിപ്പിച്ച ബ്ലൂടൂത്ത് ഹാന്‍ഡ്ഫ്രീ ഫോണ്‍ നിയന്ത്രണ സ്വിച്ചുകള്‍, മള്‍ട്ടി ഇന്‍ഫര്‍മേഷന്‍ ഡിസ്‌പ്ലെ തുടങ്ങിയവയെല്ലാം പ്രയസിന്റെ സവിശേഷതകളാണ്. 2001 ല്‍ ലോക വിപണിയില്‍ എത്തിയ പ്രയസ് 40 രാജ്യങ്ങളില്‍ വിറ്റഴിക്കുന്നുണ്ട്.

ലോക വിപണിയിലേക്കുളള ടൊയോട്ടയുടെ പുതിയ ചെറുകാറും ഓട്ടോ എക്‌സ്‌പോയില്‍ പ്രദര്‍ശനത്തിനെത്തും. ഇ.എഫ്.സി 800 എല്‍ എന്ന അപരനാമമാണ് ടൊയോട്ട ചെറുകാറിന് നല്‍കിയിട്ടുളളത്. ബാംഗ്ലൂരിന് അടുത്തുളള ടൊയോട്ട കിര്‍ലോസ്‌കറിന്റെ പ്ലാന്റിലാകും ചെറുകാര്‍ നിര്‍മ്മിയ്ക്കുക. 2010 ഡിസംബര്‍ മുതല്‍ ചെറുകാറിന്റെ നിര്‍മ്മാണം തുടങ്ങാനാണ് ടൊയോട്ട ലക്ഷ്യമിടുന്നത്.

സുസുക്കി സ്വിഫ്റ്റ്, റിറ്റ്‌സ്, ഫിയറ്റ് ഗ്രാന്‍ഡ് പൂന്തോ, ടാറ്റാ ഇന്‍ഡിക്ക വിസ്റ്റ, ഹ്യുണ്ടായ് ഐ 20, ഹോണ്ട ജാസ് എന്നിവയുടെ സെഗ്മെന്റിലേക്കാണ് ടൊയോട്ടയുടെ ചെറുകാര്‍ എത്തുന്നത്. അടുത്തവര്‍ഷം ഇന്ത്യയിലെ ചെറുകാര്‍ വിപണിയില്‍ എത്തുന്ന നിസാന്‍ മൈക്ര, ഫോക്‌സ വാഗണ്‍ പോളോ, ഫോര്‍ഡ് ഫീഗോ എന്നിവയോടും മത്സരിക്കാനുള്ള തയ്യാറെടുപ്പോടെയാണ് ടൊയോട്ടയുടെ ചെറുകാര്‍ എത്തുന്നത്.

Read more...

ടൊയോട്ട സിയന്നയുടെ മൂന്നാം തലമുറ


ടൊയോട്ടയുടെ മിനിവാന്‍ വിഭാഗത്തിലെ ഏറ്റവും മികച്ചതെന്ന് കമ്പനി തന്നെ അവകാശപ്പെടുന്ന സിയന്ന വിപണിയില്‍ വിപ്ലവം സൃഷ്ടിക്കുമെന്നു തന്നെയാണ് കമ്പനി പ്രതീക്ഷിക്കുന്നത്. ഏഴ് വര്‍ഷം മുമ്പാണ് സിയന്നയുടെ ആദ്യ പതിപ്പ് പുറത്തിറങ്ങിയത്. പിന്നീട് 2004 ലും രൂപമാറ്റം സംഭവിച്ചെത്തി. അതിന് ശേഷമാണ് 2011 ല്‍ സിയന്നയുടെ മൂന്നാം തലമുറക്കാരന്‍ എത്തുന്നത്. അടുത്തവര്‍ഷം പുറത്തിറങ്ങുമ്പോള്‍ ഓള്‍ വീല്‍ ഡ്രൈവുള്ള മിനിവാനായിരിക്കും ഇത്. ടൊയോട്ടയുടെ ഇതുവരെ ഇറങ്ങിയിട്ടുള്ളതില്‍ ഏറ്റവും സൗന്ദര്യമുള്ള മിനിവാനായിരിക്കും ഇതെന്നാണ് പറയപ്പെടുന്നത്.

മള്‍ട്ടി ബ്ലേഡ് ഗ്രില്‍, ബോണറ്റിനോട് ഒഴുകിയിറങ്ങുന്ന ഹെഡ്‌ലാമ്പുകള്‍ എന്നിവ എടുത്തുപറയേണ്ടവയാണ്. ഹോണ്ടയുടെ ഒഡീസിക്ക് മാത്രമുള്ള വലിയ ടയറുകള്‍ ഇതോടെ സിയന്നയ്ക്കും ലഭ്യമാവുകയാണ്. എന്നാല്‍ മുന്‍ഗാമിയേക്കാള്‍ അല്‍പ്പം വലിപ്പം കുറവാണ് പുതിയ മോഡലിന്. ഏഴുപേര്‍ക്ക് സുഖമായി യാത്രചെയ്യാന്‍ കഴിയുന്ന വിധമാണ് രൂപകല്‍പ്പന. സീറ്റുകള്‍ മടക്കിവെക്കാനും തിരിക്കാനും കഴിയുന്നവിധത്തിലാണ് തയ്യാറാക്കിയിരിക്കുന്നത്. അതിനാല്‍ ലഗ്‌റൂം കൂടുതല്‍ ലഭിക്കും. കോക്ക്പിറ്റ് ബസ്സിന്റേതിന് സമമാണ്. അതായത് കൂടുതല്‍ കാഴ്ചസുഖവും ഡ്രൈവിങ് സുഖവും ലഭിക്കുന്നു. ഡാഷ്‌ബോര്‍ഡിലും മാറ്റം വരുത്തിയിട്ടുണ്ട്.

എല്‍. ഇ, ലക്ഷ്വറി എക്‌സ് എല്‍ ഇ, ലിമിറ്റഡ് വേര്‍ഷന്‍ എന്നീ മോഡലുകളിലാണ് സിയന്ന എത്തുന്നത്. വി. സിക്‌സ് എഞ്ചിന്‍ ശക്തിപകരുന്ന ആദ്യത്തെ മിനിവാനാണിത്. നാല് സിലിണ്ടര്‍ , 187 എച്ച്. പി, സിക്‌സ് സ്​പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ എന്നിവയാണ് എഞ്ചിന്‍ രഹസ്യങ്ങള്‍. എന്നാല്‍ ടോപ്പ് വേര്‍ഷനുകള്‍ക്ക് 3.5 ലിറ്റര്‍ വി സിക്‌സ് എഞ്ചിനാണ്. ലെഗ് റെസ്റ്റ്‌സ് എല്ലാ സീറ്റുകള്‍ക്കുമുണ്ട്. സെക്കന്‍ഡ് റോ സീറ്റുകള്‍ക്ക് ആം റെസ്റ്റ്, ചൈല്‍ഡ് പ്രൊട്ടക്ഷന്‍ സീറ്റ് എന്നിവയുമുണ്ട്. സെക്കന്‍ഡ് റോയിലെ നടുക്കുള്ള സീറ്റ് എടുത്തുമാറ്റാവുന്നതാണ്. ഏകദേശ ഇന്ത്യന്‍ വില 20 ലക്ഷം വരും സിയന്നയ്ക്ക്.

Read more...

ഹോണ്ടയുടെ കുഞ്ഞുകാര്‍ പീനട്ട്‌


അടുത്തിടെ നടന്ന ലോസ് ആഞ്ജലിസ് ഓട്ടോ ഷോയില്‍ കാണികളുടെ മനംകവര്‍ന്ന കാറുകളില്‍ ഒന്നായിരുന്നു ഹോണ്ടയുടെ കുഞ്ഞന്‍കാര്‍ പീനട്ട്. നഗരങ്ങളിലെ തിരക്കില്‍നിന്ന് ഊളിയിട്ട് രക്ഷപെടാന്‍ ഉതകുന്ന തരത്തില്‍ രൂപകല്‍പ്പനചെയ്ത വാഹനമാണിത്. പേഴ്‌സണല്‍ നിയോ അര്‍ബന്‍ ട്രാന്‍സിറ്റ് എന്നതിന്റെ ചുരുക്കമാണ് പീനട്ട്. ആരുടെയും മനംകവരും പീനട്ടിന്റെ രൂപഭംഗി. മൂന്നു സീറ്റുള്ള കാറിന്റെ ഉള്‍വശവും പുതുമ നിറഞ്ഞതാണ്.

കുഞ്ഞന്‍ കാറായ പീനട്ടില്‍ യാത്രക്കാര്‍ക്ക് ഞെരുങ്ങി ഇരിക്കേണ്ടി വരുമെന്ന് കരുതേണ്ട. ഇതുവരെ വിപണിയില്‍ എത്തിയ ഏതു കാറില്‍ ഉള്ളതിനെക്കാളും സ്ഥലസൗകര്യമുണ്ട് ഇതില്‍. മിഡ്‌സൈസ് സെഡാന്റെ ലെഗ് റൂമാണ് പീനട്ടിലുള്ളത്. കാറിന്റെ മുന്നില്‍ മധ്യഭാഗത്തായാണ് ഡ്രൈവര്‍ സീറ്റ്. പിന്നില്‍ ഇരുവശത്തുമാണ് രണ്ട് യാത്രക്കാരുടെ സീറ്റുകള്‍. പരമാവധി ലെഗ് റൂം ലഭ്യമാക്കുന്നതിന്റെ ഭാഗമായി പിന്നിലാണ് എന്‍ജിന്‍ സ്ഥാപിച്ചിരിക്കുന്നത്.

3.4 മീറ്റര്‍ നീളവും 1.75 മീറ്റര്‍ വീതിയും 1.4 മീറ്റര്‍ ഉയരവുമാണ് പീനട്ടിനുള്ളത്. പിന്നിലെ സീറ്റുകള്‍ മടക്കിവച്ചാല്‍ കൂടുതല്‍ സ്റ്റോറേജ് ഇടം കണ്ടെത്താം. മുന്നിലെ വിന്‍ഡ് സ്‌ക്രീനും കാറിന്റെ മേല്‍ക്കൂരയും വ്യത്യസ്തമല്ല. വിന്‍ഡ് സ്‌ക്രിനാണ് പിന്‍ഭാഗംവരെ നീളുന്നത്. നാവിഗേഷന്‍ സംവിധാനവും റിവേഴ്‌സിങ് ക്യാമറ എന്നിവ വിന്‍ഡ് സ്‌ക്രീനില്‍ തന്നെയാണ് സ്ഥാപിച്ചിരിക്കുന്നത്. മെച്ചപ്പെട്ട കാഴ്ച നല്‍കുന്നതാണ് ഈ വിന്‍ഡ് സ്‌ക്രീന്‍. ഹെഡ് ലൈറ്റുകളും ടെയ്ല്‍ ലൈറ്റുകളുടെ സ്റ്റിയറിങ്ങുമെല്ലാം പുതുമ നിറഞ്ഞതാണ്.

ഹൈബ്രിഡ് കാറാണ് പീനട്ട്. ഹോണ്ട ആര്‍ ആന്‍ഡ് ഡി അമേരിക്കയിലെ അഡ്വാന്‍സ്ഡ് ഡിസൈന്‍ സ്റ്റുഡിയോയിലാണ് പീനട്ട് രൂപകല്‍പ്പന ചെയ്തത്. ലോസ ്ആഞ്ജലിസ് ഓട്ടോഷോയില്‍ അവതരിപ്പിച്ച പീനട്ട് വാണിജ്യാടിസ്ഥാനത്തില്‍ നിര്‍മ്മിയ്ക്കുന്നതിനെക്കുറിച്ചൊന്നും ഹോണ്ട ഇതുവരെ ചിന്തിച്ചിട്ടില്ല.

Read more...

ഫോക്‌സ്‌വാഗണ്‍ ടൊറെഗ് മാജിക്


മുന്നിലേക്ക് നോക്കുമ്പോള്‍ ആകാശം മാത്രം കണ്ട് ഒരു ഡ്രൈവിങ് സാദ്ധ്യമാണോ. അങ്ങനെയെങ്കില്‍ തീര്‍ച്ചയായും നമ്മള്‍ മുകളിലേക്ക് വണ്ടിയോടിക്കേണ്ടിവരും. പുതുതായി ഇറങ്ങിയ ഫോക്‌സ്‌വാഗണ്‍ ടുറെഗിന്റെ നിരവധി സവിശേഷതകളിലൊന്ന് അതിന്റെ കയറ്റംകയറാനുള്ള കഴിവാണ്. ലോക പ്രസിദ്ധമായ ഈ സ്‌പോര്‍ട്‌സ് യൂട്ടിലിറ്റി വാഹനത്തിന് 45 ഡിഗ്രി ചരിവിലൂടെ ഓടിക്കയറാന്‍ കഴിയും. അത്രയും ചരിഞ്ഞപ്രതലത്തില്‍ വാഹനത്തിലുള്ളയാള്‍ക്ക് ആകാശമല്ലാതെ മറ്റൊന്നും മുന്നില്‍ കാണാന്‍ കഴിയില്ലല്ലോ.

ടുറെഗിന്റെ കഴിവ് മുകളിലേക്ക് ഓടിക്കയറുന്നതില്‍ മാത്രം ഒതുങ്ങുന്നതല്ല.
ഒരുവശത്തേക്ക് ചരിഞ്ഞ് കിടക്കുന്ന റോഡോ മലഞ്ചരിവോ ഏതുമായിക്കോട്ടെ 35 ഡിഗ്രി ചരിവുവരെ ടുറെഗ് ഒരു ബുദ്ധിമുട്ടുമില്ലാതെ ഭൂമിയില്‍ അള്ളിപ്പിടിച്ച് മുന്നോട്ടുനീങ്ങിക്കൊള്ളും. ഇത്രയും സാഹസികമായി സഞ്ചരിക്കുന്ന ഒരു സ്‌പോര്‍ട്‌സ് യൂട്ടിലിറ്റി വാഹനമുണ്ടെങ്കില്‍ നമുക്ക് ലോകത്തെവിടേക്കാണ് നീങ്ങാനാവാത്തത്. ഫോക്‌സ്‌വാഗന്റെ തന്നെ വാചകത്തില്‍പ്പറഞ്ഞാല്‍ ടുറെഗ് സ്വന്തമായുണ്ടെങ്കില്‍ നിങ്ങളുടെ വീടിന്റെയും ഭൂമിയിലെ വന്യഭൂഭാഗങ്ങളുടെയും ഇടയില്‍ നില്‍ക്കുന്ന ഏകഘടകം അതിന്റെ ഡോര്‍ മാത്രമാണ്.

ജര്‍മന്‍ സാങ്കേതികവിദ്യയുടെ ഉത്തുംഗത ബോദ്ധ്യപ്പെടുത്തുന്ന ഒട്ടുമിക്ക കമ്പനികള്‍ക്കും അവരുടെ അഭിമാനപാത്രമായി ഒരു എസ്.യു.വി ഉണ്ടാകും. ബി.എം.ഡബ്ല്യു എക്‌സ്-5, ബെന്‍സ് എം. ക്ലാസ്സ് ഔഡി ക്യൂ-7 എന്നിവയുടെയൊക്കെ ഈ ഗണത്തില്‍പ്പെടുന്നവയാണ്. യൂറോപ്യന്‍ കാര്‍ വിപണിയിലെ ഒന്നാംനമ്പര്‍ താരമായ ഫോക്‌സ്‌വാഗണിന്റെ അത്തരത്തിലെ പ്രമുഖനാണ് ടുറെഗ്. ചാസിസ്, ഡിസൈന്‍, സസ്‌പെന്‍ഷന്‍, എന്‍ജിന്‍, ഗിയര്‍, ഇന്റീരിയര്‍, കംഫര്‍ട്ട്, പ്രകടനം എന്നിവയിലെല്ലാം ഫോക്‌സ്‌വാഗണ്‍ സ്വന്തമാക്കിയ അനിഷേധ്യമായ സാങ്കേതിക മികവിന്റെ മികച്ച ഉദാഹരണമാണ് ടുറെഗ്.

നഗരസൗന്ദര്യങ്ങള്‍ക്കും കഠിന പാതകള്‍ക്കും ഒരുപോലെ ഇണങ്ങിയ ഒരു രൂപഘടനയാണ് ടുറെഗിനുള്ളത്. പുറമെയും അകത്തുമുള്ള അതിന്റെ ഫിനിഷ് അസാധാരണ മികവു പുലര്‍ത്തും. സര്‍വ ആഡംബരങ്ങളോടൊപ്പം യാത്രികരുടെ കംഫര്‍ട്ട് ഉറപ്പാക്കാന്‍ വേണ്ട സാങ്കേതികതാ ക്രമീകരണങ്ങളും സ്ഥലസൗകര്യവും ടുറെഗിലുണ്ട്. ഇന്റീരിയറിലുപയോഗിക്കുന്ന ലോകോത്തര നിലവാരത്തിലെ തുകലും തടിയുമെല്ലാം ഉപഭോക്താവിന്റെ ഇഷ്ടാനുസരണത്തിനുള്ള നിറങ്ങളില്‍ തിരഞ്ഞെടുക്കാം.

സുരക്ഷിതത്വത്തിനായി ഏറ്റവും ആധുനികമായ നിരവധി ക്രമീകരണങ്ങള്‍ ടുറെഗിലുണ്ട്. പല പ്രതലങ്ങളില്‍ ഓടുമ്പോള്‍ വാഹനം സ്വീകരിക്കേണ്ട ഡ്രൈവിംഗ് രീതികള്‍ സ്വയം തിരഞ്ഞെടുക്കുന്ന സംവിധാനവും ഇതിലുണ്ട്. ഇന്ത്യയിലെത്തിയിരിക്കുന്ന ടുറെഗിന്റെ എന്‍ജിന്‍ 3 ലിറ്റര്‍ വി6 ഡീസല്‍ എന്‍ജിനാണ്. 240 ബിഎച്ച്പിയാണ് ഇതിന്റെ കരുത്ത്. വില അരക്കോടിക്ക് മുകളിലാണ്.

Read more...

ബുഗാട്ടി വെയ്റോണ്‍ ഇന്ത്യയിലേക്ക്

Saturday, December 19, 2009



ഇന്ത്യയിലെ ഏറ്റവും വിലപിടിപ്പുള്ളതും വേഗമേറിയതുമായ കാര്‍ എന്ന പദവി സ്വന്തമാക്കാന്‍ ബുഗാട്ടി വെയ്റോണ്‍ എത്തുന്നു. ഫ്രഞ്ച് ബ്രാന്‍ഡായ ബുഗാട്ടിയുടെ ഉടമകളായ ഫോക്സ്വാഗനാണ് സൂപ്പര്‍ പെര്‍ഫോമന്‍സ് കാറിനെ വിപണിയിലെത്തിക്കുന്നത്. ഫോര്‍മുല വണ്‍ കാറിന്‍െറ പെര്‍ഫോമന്‍സും റോള്‍സ്റോയ്സ് നല്‍കുന്ന ആഡംബരവും ഒത്തുചേര്‍ന്ന ബുഗാട്ടി വെയ്റോണിന്‍െറ എട്ടു ലീറ്റര്‍ 16 സിലിണ്ടര്‍ എന്‍ജിന് 1001 ബിഎച്ച്പിയാണ് കരുത്ത്.

നാലു ടര്‍ബോ ചാര്‍ജറുള്ള കാര്‍ 8.6 സെക്കന്‍ഡുകൊണ്ടു 100 കിമീ വേഗത്തിലെത്തും. മണിക്കൂറില്‍ 400 കിലോമീറ്ററിലേറെ വേഗമെടുക്കാന്‍ കഴിവുണ്ട്. അടുത്ത വര്‍ഷം പകുതിയോടെ കാര്‍ വില്‍പ്പനയ്ക്കെത്തും. അഞ്ചു മുതല്‍ 12 കോടി രൂപ വരെയാണ് വില.

Read more...

ഭീമാകാരമായ ഫിയറ്റ് 500 .

Friday, December 18, 2009


ഫിയറ്റിന്‍റെ ഏറ്റവും സുന്ദരമായ മോഡല്‍ ഫിയറ്റ് 500ന്‍റെ ഭീമാകാരമായ രൂപം ലണ്ടനില്‍ പ്രദര്‍ശിപ്പിച്ചു. സാധാരണ കാറിന്‍റെ അഞ്ചിരട്ടി വലിപ്പമുണ്ട്, ഈ മോഡല്‍ കാറിന്. മേല്‍ഭാഗം തുറന്ന ഈ കാര്‍ ഓക്സ്ഫഡ് സ്ട്രീറ്റിലെ പാര്‍ക്ക് ലൈഫിലാണ് പ്രദര്‍ശിപ്പിച്ചിരിക്കുന്നത്

ഫിയറ്റ് 500നെ ജനങ്ങള്‍ക്ക് പരിചയപ്പെടുത്താന്‍ മാത്രമാണ് ഈ നൂതന മാര്‍ക്കറ്റിങ് തന്ത്രം .

Read more...

ഹ്യൂണ്ടായിയുടെ രണ്ടു പുതിയ കാറുകള്‍


ഹ്യൂണ്ടായ്‌ ഐ-20 പുതിയ കാറുകള്‍ രംഗത്തിറക്കി.
ഐ-20 ഡീസല്‍, ഐ-20 ഓട്ടോമാറ്റിക്‌ കാറുകളാണ്‌ ഹ്യൂണ്ടായ്‌ മോട്ടോര്‍ ഇന്ത്യ ലിമിറ്റഡ്‌ (എച്ച്‌.എം.ഐ.എല്‍) വിപണിയിലിറക്കുന്നത്‌.

ഇന്ധനക്ഷമതയുള്ള 1.4 ലിറ്റര്‍ സി.ആര്‍.ജി.ഐ എന്‍ജിനോടു കൂടിയതാണ്‌ ഐ-20 ഡീസല്‍.യൂറോപ്പില്‍ രൂപകല്‍പ്പന ചെയ്‌ത്‌ കൊറിയയില്‍ എന്‍ജിനീയറിങ്‌ പൂര്‍ത്തിയാക്കിയതാണ്‌ ഈ കാറുകള്‍. ആഗോളതലത്തിലുള്ള സുരക്ഷാ-പരിസ്ഥിതി മാനദണ്ഡങ്ങളെല്ലാം അനുസരിച്ചു നിര്‍മിച്ചിട്ടുള്ളവയാണിവ. പരിസ്ഥിതി സൗഹാര്‍ദ്ദ ഓയില്‍ഫില്‍ട്ടര്‍ സംവിധാനം, അറ്റകുറ്റപ്പണിക്ക്‌ കുറഞ്ഞ ചെലവ്‌ എന്നിവയാണ്‌ ഐ-20 ന്റെ സവിശേഷതകള്‍-

1.4 ലിറ്റര്‍ ഗമ്മ പെട്രോള്‍ എന്‍ജിനോടു കൂടിയതാണ്‌ ഐ-20 ഓട്ടോമാറ്റിക്‌ കാര്‍. ആറ്‌ എയര്‍ബാഗുകള്‍, റെയര്‍ ഡിസ്‌ക്ക്‌ ബ്രേക്കുകള്‍ എന്നിവയെല്ലാം ഐ-20 യോടൊപ്പം ലഭ്യമാവും. 6.20 ലക്ഷം മുതല്‍ 7.72 ലക്ഷം വരെയാണ്‌ വിവിധ വിഭാഗങ്ങളിലുള്ള ഐ-20 ഡീസല്‍, ഓട്ടോമാറ്റിക്‌ കാറുകളുടെ വില.

Read more...

ബീറ്റില്‍ ഇനി ഇന്ത്യയിലും

Thursday, December 17, 2009


ജര്‍മ്മന്‍ വാഹന നിര്‍മ്മാതാവായ ഫോക്‌സ് വാഗണ്‍ പ്രശസ്ത സൂപ്പര്‍മിനി ബ്രാന്റായ ബീറ്റില്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. 20.45 ലക്ഷമാണ് ന്യൂഡല്‍ഹിയിലെ എക്‌സ് ഷോറൂം വില. ഇന്ത്യയിലെ മറ്റുനഗരങ്ങളില്‍ 20 നും 25 ലക്ഷത്തിനും ഇടയിലാകും ബീറ്റിലിന്റെ വില. വാഹന പ്രേമികള്‍ കാത്തിരുന്ന ടോറഗ് എസ്.യു.വിയും ഫോക്‌സ് വാഗണ്‍ ബീറ്റിലിനൊപ്പം അവതരിപ്പിച്ചു.

1938 ല്‍ ഇക്കോണമി കാറായി വിപണിയില്‍ എത്തിയ ബീറ്റില്‍ കാലത്തെ അതിജീവിച്ച് ഇന്നും നിലനില്‍ക്കുകയാണ്. ഏറ്റവും കൂടുതല്‍ക്കാലം നിലനിന്ന കാര്‍ ബ്രാണ്ടെന്ന പദവിയും ബീറ്റിലിന് സ്വന്തം.

115 ബി.എച്ച്.പി കരുത്തുളള നാലു സിലിണ്ടര്‍ രണ്ടുലിറ്റര്‍ പെട്രോള്‍ എന്‍ജിനുമായാണ് ബീറ്റില്‍ ഇന്ത്യയില്‍ എത്തുന്നത്. ആറു സ്​പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സും ബീറ്റിലിനുണ്ട്. 3200 ആര്‍.പി.എമ്മില്‍ 172 എന്‍.എം ആണ് ടോര്‍ക്ക്. 1984 സി.സി ശേഷിയുള്ള എന്‍ജിന്‍ ഭാരത് സ്‌റ്റേജ് നാല് മലിനീകരണ നനിയന്ത്രണ മാനദണ്ഡങ്ങള്‍ പാലിക്കുന്നതാണ്.

നീളം, വീതി, ഉയരം എന്നിവ യഥാക്രമം 4129, 1721, 1498 എം.എം വീതമാണ്. 120 എം.എം ആണ് ഗ്രൗണ്ട് ക്ലിയറന്‍സ്. 5.5 മീറ്ററില്‍ പൂര്‍ണ്ണമായി തിരിച്ചെടുക്കാം. 214 ലിറ്ററാണ് ലഗേജ് സൂക്ഷിക്കാനുള്ള ഇടം. നാല് എയര്‍ബാഗുകള്‍, എ.ബി.എസ്, സുരക്ഷാ ഹെഡ്‌റെസ്റ്റ് എന്നിവയാണ് ബീറ്റിലിലെ സുരക്ഷാ സംവിധാനങ്ങള്‍.



എ.സി, ഉയരം ക്രമീകരിക്കാവുന്ന മുന്‍ സീറ്റുകള്‍, പിന്‍ സീറ്റിലേക്ക് അനായാസം കയറാന്‍ കഴിയുന്ന സ്ലൈഡിങ് മുന്‍ സീറ്റുകള്‍, പൊടിയും രോഗാണുക്കളെയും തടയുന്ന ഫില്‍ട്ടര്‍, വൈദ്യുതി നിയന്ത്രിത ഡോര്‍ മിററുകള്‍, മുന്‍ വൈദ്യുത വിന്‍ഡോകള്‍, ക്രമീകരിക്കാവുന്ന സ്റ്റിയറിങ് വീല്‍, ചൂട് കടക്കാത്ത ടിന്റഡ് ഗ്ലാസുകള്‍, ഉയരം ക്രമീകരിക്കാവുന്ന സീറ്റ് ബെല്‍റ്റുകള്‍ തുടങ്ങിയവയാണ് ബീറ്റിലിലെ സൗകര്യങ്ങള്‍.

ആറു സി.ഡി ചെയ്ഞ്ചര്‍, ആറു സ്​പീക്കറുകള്‍ എന്നിവ ഉള്‍പ്പെട്ട ഓഡിയോ സംവിധാനം. ഡോര്‍ മിററുകളില്‍ ഘടിപ്പിച്ച ഇന്‍ഡിക്കേറ്റര്‍, പിന്‍ ഫോഗ് ലാമ്പുകള്‍, ഹാലൊജന്‍ ഹെഡ് ലാമ്പുകള്‍, ബ്ലൂ ഡാഷ്‌ബോര്‍ഡ് ഇലുമിനേഷന്‍ തുടങ്ങിയവയും ബീറ്റിലിന് സ്വന്തം. അഞ്ചു നിറങ്ങളില്‍ ബീറ്റില്‍ ലഭിക്കും. വൈറ്റ്, റെഡ് സ്‌പൈസ്, റിഫ്‌ളെക്‌സ് സില്‍വര്‍, പ്ലാറ്റിനം ഗ്രേ, ഡീപ് ബ്ലാക്ക് എന്നിവയാണ് നിറങ്ങള്‍. 20 ലക്ഷത്തിനുമേല്‍ വിലയുള്ള രണ്ടുഡോറുള്ള ചെറുകാര്‍ ബീറ്റില്‍ ഇന്ത്യക്കാര്‍ വാങ്ങുമോയെന്ന് സംശയിക്കേണ്ട. 125 പേര്‍ വിപണിയില്‍ എത്തുംമുന്‍പെ ബീറ്റില്‍ ബുക്കുചെയ്തു കഴിഞ്ഞുവെന്ന് നിര്‍മ്മാതാക്കള്‍ പറയുന്നു.



പിന്നില്‍ എന്‍ജിന്‍ സ്ഥാപിച്ച റിയര്‍വീല്‍ ഡ്രൈവ് ചെറുകാറായിരുന്നു ഫോക്‌സ് വാഗണ്‍ ബീറ്റില്‍. 1951 ല്‍ ബീറ്റിലിന്റെ ഡീസല്‍ മോഡല്‍ നിരത്തിലിറങ്ങി. 1998 ല്‍ ഫോക്‌സ് വാഗണ്‍ പുതിയ ബീറ്റില്‍ നിര്‍മ്മിച്ചു. ക്ലാസിക് ബീറ്റിലില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് നിര്‍മ്മിച്ച പുതിയ ബീറ്റിലിന്റെ എന്‍ജിന്‍ മുന്‍ഭാഗത്ത് തന്നെയാണ്. ലഗേജ് സൂക്ഷിക്കാനുള്ള സ്ഥലമാണ് പിന്നില്‍.

Read more...

പുതിയ മെഴ്‌സിഡിസ് ബെന്‍സ് ഇ ക്ലാസ്‌

ആദ്യമായ് ഞാന്‍ ഇവിടെ പറയാന്‍ ആഗ്രഹിക്കുന്നത്,
വാഹന ലോകത്ത് എന്നും ഒരു അത്ഭുതം ആയ മെഴ്‌സിഡിസ് ബെന്‍സിനെ കുറിച്ചാണ്.

" പുതിയ മെഴ്‌സിഡിസ് ബെന്‍സ് ഇ ക്ലാസ്‌ "

ന്യൂഡല്‍ഹി: ജര്‍മനിയിലെ ആഡംബര കാര്‍ നിര്‍മാതാക്കളായ മേഴ്‌സിഡിസ് ബെന്‍സ്, സെഡാന്‍ ഇ ക്ലാസിലെ പുതിയ മോഡല്‍ പുറത്തിറക്കി. ഡല്‍ഹിയില്‍ നിരത്തിലിറങ്ങുമ്പോള്‍ കാറിന്റെ വില 46.98 ലക്ഷമായിരിക്കും. ഇന്ത്യയില്‍ തന്നെ സംയോജിപ്പിച്ച 3.5 ലിറ്റര്‍ വി-6 പെട്രോള്‍ എന്‍ജിനാണ് കാറിന്റെ സവിശേഷതയെന്ന് കമ്പനി അധികൃതര്‍ പറയുന്നു. ഇ ക്ലാസിലെ നിലവിലുള്ള മോഡലില്‍ 11,000 കാറുകള്‍ ഇതിനകം ഇന്ത്യയില്‍ വിറ്റഴിഞ്ഞിട്ടുണ്ട്.



പകല്‍ എല്‍.ഇ.ഡി. ഡെടൈം ലൈറ്റിങ് സംവിധാനം, ഇന്റലിജന്റ് ലൈറ്റിങ്ങ് സംവിധാനം എന്നിവ ബുധനാഴ്ച പുറത്തിറക്കിയ ഒമ്പതാം തലമുറയിലെ ഇ-ക്ലാസ് കാറിന്റെ പ്രത്യേകതയാണ്. ബെന്‍സ് എസ് ക്ലാസില്‍നിന്ന് കടംകൊണ്ട അനേകം സവിശേഷതകളുമായാണ് പുതിയ ഇ ക്ലാസ് എത്തുന്നത്. പഴയ മോഡലില്‍നിന്ന് ഏറെ വ്യത്യസ്തമായ രീതിയില്‍ ബെന്‍സിന്റെ ഫാസിനേഷന്‍ കണ്‍സെപ്റ്റ് അനുസരിച്ച് രൂപകല്‍പ്പന ചെയ്തതാണ് ഇത്.



ഡ്രൈവറെ ജാഗരൂകനാക്കുന്നതിനും അപകട സാധ്യത കുറയ്ക്കുന്നതിനുമുള്ള ചില സംവിധാനങ്ങളും പുതിയ കാറിലുണ്ട്-മേഴ്‌സിഡസ് ബെന്‍സ് ഇന്ത്യ മാനേജിങ് ഡയറക്ടറും സി.ഇ.ഒ.യുമായ വില്‍ഫ്രഡ് ജി ആല്‍ബര്‍ പറഞ്ഞു. ഡ്രൈവര്‍ ഉറക്കം തൂങ്ങിയാല്‍ വിവിധ സെന്‍സറുകള്‍ ഉപയോഗിച്ച് അത് മനമസിലാക്കി മുന്നറിയിപ്പ് നല്‍ാക്ന്‍ പുതിയ ഇ ക്ലാസിനു കഴിയും. മറ്റു വാഹനങ്ങളുടെ ഡ്രൈവര്‍മാര്‍ക്ക് ശല്യമുണ്ടാക്കാത്ത തരത്തില്‍ ഹെഡ്‌ലൈറ്റിന്റെ പ്രകാശം ക്രമീകരിക്കാനും ഇതിനു കഴിയും. കാര്‍ റോഡില്‍നിന്ന് തെന്നിമാറിയാല്‍ സ്റ്റിയറിങ് വീലില്‍ വിറയല്‍ അനുഭവപ്പെടുന്നതിലൂടെ ഡ്രൈവര്‍ക്ക് മുന്നറിയിപ്പ് ലഭിക്കും.

Read more...

ആമുഖം

ഹായ് ഞാന്‍ ജിനീഷ്,
ഈ ബ്ലോഗിലൂടെ നിങ്ങളുമായി ഞാന്‍ ഷെയര്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നത് വാഹനങ്ങളെ കുറിച്ചുള്ള വാര്‍ത്തകളാണ്.

വാഹനങ്ങള്‍ എന്നും ലോകത്തിനു ഒരു അത്ഭുതം തന്നെയാണ്.
മോട്ടോര്‍ വാഹനങ്ങള്‍ കണ്ടുപിടിച്ച കാലം തൊട്ടു ഇന്നുവരെ ഉയര്‍ന്നുവന്ന നിര്‍മാണ കമ്പനികളും റോഡില്‍ ഇറങ്ങിയതും ഇനി ഇറങ്ങാന്‍ തയ്യാറായിരിക്കുന്നതുമായ മോഡലുകളും എണ്ണാവുന്നതിലും അപ്പുറമാണ്.

മോഡല്‍ നെയിം തന്നെയാണ് കമ്പനി നെയിം എന്ന് പോലും വിചാരിച്ചിരുന്ന ഒരു കാലം ഉണ്ടായിരുന്നു എനിക്കും.പിന്നീട്, വാഹനങ്ങളെ കുറിച്ച് കൂടുതല്‍ അറിയാന്‍ എന്നെ സഹായിച്ചതു സുഹ്രുത്തുക്കളും പുസ്തകങ്ങളും ആണ്.

ഇപ്പോഴും എല്ലാ മോഡലുകളെയും കുറിച്ച് എനിക്ക് അറിയും എന്ന് ഞാന്‍ അവകാശപ്പെടില്ല. പക്ഷെ, എനിക്കറിയാവുന്ന കാര്യങ്ങള്‍ ഈ ബ്ലോഗ് വഴി നിങ്ങളെ അറിയിക്കുകയാണ് .

അപ്പോള്‍ നമുക്ക് ഈ ബ്ലൊഗിങ്ങ് ഇവിടെ തുടങ്ങാം ...

Let's Start Your Race From Here

Read more...